കുട്ടികളോടുള്ള ക്രൂരതയ്ക്ക് അറുതിയില്ല, കോഴിക്കോട് ഒരു വയസുകാരനെ അമ്മ കിണറ്റിലെറിഞ്ഞ് കാെന്നു, കൊലയ്ക്ക് ശേഷം തെറ്റിദ്ധരിപ്പിയ്ക്കാൻ നടത്തിയ കഥയിൽ ഞെട്ടിത്തരിച്ച് നാട്ടുകാർ
കോഴിക്കോട്: ഒരു വയസ് പ്രായമുള്ള മകനെ കിണറ്റിലെറിഞ്ഞു കൊന്ന യുവതി അറസ്റ്റില്‍. ചേളന്നൂരില്‍ എട്ടേ നാല് കാവു പുറത്ത് വീട്ടില്‍ വാടകക്ക് താമസിക്കുന്ന പ്രവീണിന്റെ ഭാര്യ തമിഴ്നാട് തിരുപ്പൂര്‍ സ്വദേശി ധനലക്ഷ്മിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രവീണ്‍ – ധനലക്ഷ്മി ദമ്പതികളുടെ മകന്‍ ഋഷിദിനെയാണ് ഇന്നലെ രാവിലെ 10 മണിയോടെ വീട്ടുമുറ്റത്തെ പതിനഞ്ചടിയോളം വെള്ളമുള്ള കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ധനലക്ഷ്മി തന്നെയാണ് കുട്ടി കിണറിലുണ്ടെന്ന് പറഞ്ഞ് ആദ്യം നിലവിളിച്ചത്. പര്‍ദയിട്ട രണ്ട് പേര് വന്ന് തന്നെ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം തന്റെ സ്വര്‍ണം തട്ടിയെടുത്ത് കുട്ടിയെ കിണറ്റിലെറിഞ്ഞെന്നുമാണ് യുവതി നാട്ടുകാരോട് പറഞ്ഞത്.
നാട്ടുകാരിലൊരാള്‍ കിണറിലിറങ്ങി കുഞ്ഞിനെ എടുക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. പിന്നീട് ഫയര്‍ ഫോഴ്സ് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ധനലക്ഷ്മിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. ഭര്‍ത്താവ് പ്രവീണും കൂലിപ്പണിക്കു പോകുന്ന പ്രവീണിന്റെ അച്ഛനും അമ്മയും സംഭവസമയം ജോലിക്കു പോയതായിരുന്നു.
തലേ ദിവസം വീട്ടില്‍ ശബ്ദകോലഹലം കേട്ടതായി അയല്‍വാസികള്‍ പറയുന്നു. ഈറോഡ് സ്വദേശികളായ ഇവര്‍ വര്‍ഷങ്ങളായി കേരളത്തില്‍ കല്ല് പതിക്കുന്ന ജോലിയില്‍ എര്‍പ്പെട്ടു വരികയാണ്. പ്രവീണിനും പ്രവീണിന്റെ മാതാപിതാക്കള്‍ക്കുമൊപ്പമാണ് യുവതി ഇവിടെ താമസിക്കുന്നത്. ഇടത്തരം സാമ്പത്തികസ്ഥതിയുള്ള ഇവരുടെ ബന്ധുക്കള്‍ ചേളന്നൂരില്‍ പലഭാഗത്തായി താമസിക്കുന്നുണ്ട്.