കൊച്ചി: എറണാകുളം പോത്താനിക്കാട് യുവാവിനെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമസ്ഥനും അയല്‍വാസിയുമായ സജീവന് കുറ്റം സമ്മതിച്ചു. വാങ്ങിയ മദ്യം പ്രസാദ് ഒറ്റയ്ക്ക് കുടിച്ച് തീര്‍ത്തതിനെ തുടര്‍ന്നുണ്ടായ തര്ക്കത്തിനിടെതാന് പ്രസാദിന്റെ തലയ്ക്കു പിന്നില്‍ അടിച്ചു കൊലപ്പെടുത്തുകായായിരുന്നുവെന്ന് സജീവന് പറഞ്ഞു. പ്രതിയുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തും.
സജീവനെ പോലീസിന് നേരത്തേ തന്നെ സംശയം ഉണ്ടായിരുന്നു. ഇയാള്‍ പരസ്പര വിരുദ്ധ മൊഴികള്‍ നല്കിയ സാഹചര്യത്തില്‍ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചത്.
ഇന്നലെയാണ് പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദിനെ അയല്‍വാസിയായ കാക്കൂച്ചിറ സജീവന്റെ വീടിന്റെ ടെറസില്‍ കണ്ടെത്തിയത്. സജീവന്റെ കോഴിഫാമിലെ ജോലിക്കാരന് കൂടിയാണ് പ്രസാദ്. പ്രസാദിന്റെ മൃതദേഹത്തിനടുത്തു നിന്നും തകര്‍ന്ന എയര്‍ഗണ്ണും കണ്ടെത്തിയിരുന്നു.