കെ.പി.സി.സി അച്ചടക്ക സമിതി രൂപീകരിക്കാനൊരുങ്ങുന്നു; മുരളീധരനോട് സഹതാപം മാത്രമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അച്ചടക്ക ലംഘനം അനുവദിക്കാനാവില്ലെന്നും ഇക്കാര്യം പരിശോധിക്കാന്‍ അച്ചടക്ക സമിതി രൂപീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എത്ര ഉന്നതരായാലും അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ മറികടക്കാന്‍ അനുവദിക്കില്ല. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും അച്ചടക്കസമിതി സൂക്ഷ്മമായി പരിശോധിക്കുമെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെപിസിസി പുനസംഘടനയുടെ പേരില്‍ തന്നെ വിമര്‍ശിക്കുന്ന കെ മുരളീധരനോട് സഹതാപമാണുള്ളതെന്ന് മുല്ലപ്പള്ളി പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി ചേരുന്നില്ലെന്നാണ് വിമര്‍ശനം. താന്‍ കെപിസിസി അധ്യക്ഷനായിട്ട് 16 മാസമായി. ഇതിനിടെ 12 തവണ രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നിട്ടുണ്ട്. ഒക്ടോബറിലാണ് അവസാനമായി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നത്. അതിനുശേഷം പാര്‍ലമെന്റ് സമ്മേളം, നിയമസഭാ സമ്മേളനം, മറ്റു പ്രതിഷേധ സമരങ്ങള്‍ എല്ലാ വന്നു. പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാരെല്ലാം തെരുവിലാണ്. അതുകൊണ്ടാണ് സമിതി ചേരാനാവാതിരുന്നത്. മറ്റുള്ളവരുടെ കാര്യം തനിക്കറിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യശൃംഖലയില്‍ ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ടാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പിന്നാക്ക പ്രാതിനിധ്യം കണക്കിലെടുത്താണ് മോഹന്‍ ശങ്കറിനെ പുനസംഘടനയില്‍ ഉള്‍പ്പെടുത്തിയത്. മോഹന്‍ ശങ്കര്‍ പാര്‍ട്ടിക്കു മുതല്‍ക്കൂട്ടാണ്. പാര്‍ട്ടിയില്‍ പരസ്യവിമര്‍ശനം അനുവദിക്കില്ല. കെപിസിസി പുനസംഘടനയ്‌ക്കെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ച ലതികാ സുഭാഷില്‍നിന്ന് വിശദീകരണം തേടുമെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.