കോഴിക്കോട്: ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിനില്ലെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
പാർട്ടി വേദിയിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തും. പറയാനുള്ളതെല്ലാം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട് ഉണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ കോൺഗ്രസിന് പുതിയ തലവേദന ഉടലെടുത്തിരിക്കുകയാണ്. മുന്നണിയോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആര്‍എസ്പി തീരുമാനിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് യുഡിഎഫിനുള്ളിൽ ഉഭയകക്ഷി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ആർഎസ്പി കത്ത് നൽകിയിരുന്നു. എന്നാൽ യുഡിഎഫ് നേതൃത്വം ഇതിന് തയാറായില്ല. ഇതോടെയാണ് മുന്നണിയോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.
ഭാവി പരിപാടികള്‍ സെപ്റ്റംബർ നാലിന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. മുതിര്‍ന്ന നേതാക്കള്‍ തമ്മിലടിക്കാതിരുന്നാലേ കോണ്‍ഗ്രസ് രക്ഷപ്പെടുകയുള്ളുവെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു.