ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കും! നാക്കുളുക്കിയ മുകുള്‍ റോയ് വെട്ടില്‍
കോല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയെങ്കിലും മുകുള്‍ റോയ്യില്‍ നിന്നു ബി.ജെ.പി പൂര്‍ണമായും വിട്ടുപോയിട്ടില്ലെന്നതിനുള്ള ഉത്തമ ഉദാഹരമാണ് കഴിഞ്ഞ ദിവസം നടന്നത്. തൃണമൂലിലേക്ക് മടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്നാണ് മുകുള്‍ റോയ്യുടെ പ്രവചനം.
തൃപുരയിലും ബിജെപി വെന്നിക്കൊടി പാറിയ്ക്കുമത്രെ. റോയ്യുടെ പ്രസ്താവനകേട്ട് പാര്‍ട്ടിക്കാര്‍ മാത്രമല്ല പത്രക്കാരും ഞെട്ടി. ഉടനെ അദ്ദേഹം തനിക്കുവന്ന നാവുപിഴ മനസിലാക്കുകയും വേഗം തിരുത്തുകയും ചെയ്തു. എന്നാല്‍ സംഭവം ബിജെപി ഏറ്റെടുത്തു. റോയ്യുടെ വായില്‍ നിന്നും അറിയാതെ സത്യം പുറത്തുവന്നതാണെന്നാണ് ബിജെപിയുടെ പ്രതികരണം.
നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടും. തൃപുരയിലും ജയിക്കും. ഇതില്‍ ലവലേശം സംശയമില്ലെന്നും മുകുള്‍ റോയ് പറഞ്ഞു. എന്നാല്‍ അമിളി മനസിലായ മുന്‍ റെയില്‍വെ മന്ത്രി വേഗം തിരുത്തി. ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നതില്‍ സംശയമില്ല. ബിജെപിയെ പരാജയപ്പെടുത്തും. ടിഎംസി അവിടെ വിജയം തുടരും. തൃപുരയില്‍ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.