ലണ്ടന്‍:അതിരുകളില്ലാത്ത സൗഹൃദമാണ് ഫുട്‌ബോള്‍ ലോകത്തിന് നല്‍കുന്നത്. ഒറ്റപ്പെട്ട ആക്രമണങ്ങളും വംശീയ അധിക്ഷേപങ്ങളും ചില കോണുകളില്‍ നിന്നും ഉയരുന്നുവെങ്കിലും വിദ്വേഷങ്ങള്‍ ഇല്ലാതാക്കാനുള്ള മരുന്നു തന്നെയാണ് കാറ്റു നിറച്ച പന്തെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ഇത്തരത്തില്‍ ഏറ്റവും രസകരമായ പഠനങ്ങളിലൊന്ന് ഈജിപ്ഷ്യന്‍ ഇതിഹാസ താരമായ മുഹമ്മദ് സലയുമായി ബന്ധപ്പെട്ടാണ്.സല എത്തിയതില്‍ പിന്നെ ലിവര്‍പൂള്‍ പട്ടണത്തിലെ ഇസ്ലാമോഫോബിയ വന്‍തോതില്‍ കുറഞ്ഞതായാണ് പഠനം. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇത് വെളിവായത്. 2017 ജൂണില്‍ സല ലിവര്‍പൂളുമായി കരാര്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നുള്ള കാലയളവില്‍ ലിവര്‍പൂള്‍ പ്രദേശത്ത് മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണ സംഭവങ്ങള്‍ 18.9 ശതമാനമായി കുറഞ്ഞു.
ഇതേ സമയത്തുതന്നെ മുസ്ലീംങ്ങള്‍ക്കെതിരായ സോഷ്യല്‍ മീഡിയ പരാമര്‍ശങ്ങളില്‍ 50 ശതമാനം കുറവ് സംഭവിച്ചതായും പഠനം കണ്ടെത്തി. റോമയില്‍ നിന്നും 34 മില്ല്യണ്‍ ബ്രിട്ടീഷ് പൗണ്ടിനാണ് 2017 ല്‍ സല ലിവര്‍പൂളില്‍ എത്തുന്നത്. പിന്നീട് ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിക്കാനും, 2019 ല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടികൊടുക്കാനും സലയ്ക്കായി.