CrimeKeralaNews

ഡോക്ടറെന്ന പേരില്‍ തട്ടിപ്പ്,കാര്‍ കണ്ടെടുത്തത് ജി.പി.എസ് പിന്തുടര്‍ന്ന്,മുടിയൂര്‍ക്കരയില്‍ യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

കോട്ടയം: മുടിയൂര്‍ക്കരയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. മള്ളുശ്ശേരി കളരിക്കല്‍ വീട്ടില്‍ കണ്ണന്‍ എന്നറിയപ്പെടുന്ന പ്രശാന്ത് രാജുവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ശനിയാഴ്ചയാണ് കണ്ടെത്തിയത്. പരേതനായ രാജശേഖരന്‍ നായരുടെ മകന്‍ പ്രശാന്തിന്റെ ജീവിതവും മരണം പോലെ ദുരൂഹത നിറഞ്ഞതായിരുന്നു.

35 കാരനായ പ്രശാന്തിനെ കാണാനില്ല എന്ന് ബന്ധുക്കള്‍ വെള്ളിയാഴ്ച രാവിലെ കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. പരിശോധനകള്‍ക്കിടെയാണ് ശനിയാഴ്ച രാവിലെ കത്തിക്കരിഞ്ഞ നിലയില്‍ പോലീസ് സ്റ്റേഷനില്‍ നിന്നും നിന്നും ഒരു കിലോമീറ്ററോളം അകലെ മുടിയൂര്‍ക്കരയില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണ് എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

മെയില്‍ നഴ്‌സ് ആയിരുന്ന ഇയാള്‍ ഡോക്ടര്‍ എന്ന പേരില്‍ പണം കടം വാങ്ങിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ലക്ഷക്കണക്കിന് രൂപ വിവിധ ആളുകളില്‍നിന്ന് കടം വാങ്ങിയിരുന്നതായാണ് പോലീസിന്റെ വിലയിരുത്തല്‍. 80 ലക്ഷത്തോളം രൂപ കടം ഉണ്ടായിരുന്നതായി പോലീസ് കണക്കുകൂട്ടുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും പഠിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്നു എന്നായിരുന്നു പലരോടും പറഞ്ഞിരുന്നത്. എന്നാല്‍ ആരെയും ചികിത്സിച്ച് തട്ടിപ്പ് നടത്തുന്ന രീതി പ്രശാന്തിന് ഇല്ലായിരുന്നു എന്നും പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഉപരിപഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പണം കടം വാങ്ങിയിരുന്നത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ ഒരു മാസമായി പ്രശാന്തിന്റെ അടുത്ത് നിന്ന് മാറി താമസിക്കുകയായിരുന്നു.

വെള്ളിയാഴ്ച തന്നെ പ്രശാന്തിനെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചിരുന്നു. അതിനിടെയാണ് ശനിയാഴ്ച്ച രാവിലെ പ്രശാന്തിന്റെ ഇന്നോവ കാര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് കൂടി കടന്നു പോകുന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഉടന്‍തന്നെ ബന്ധുക്കള്‍ ഗാന്ധിനഗര്‍ സ്റ്റേഷന്‍ സി ഐയെ വിവരമറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം തന്നെയുള്ള പോലീസ് സ്റ്റേഷനില്‍ നിന്നും സിഐ ഉള്‍പ്പെടെയുള്ള സംഘം പ്രശാന്തിന്റെ വാഹനം കണ്ടെത്താന്‍ ഇറങ്ങി. മെഡിക്കല്‍ കോളജിന് സമീപത്ത് വച്ച് തന്നെ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.കാര്‍ കസ്റ്റഡിയിലെടുത്ത പോലീസിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കാറോടിച്ചിരുന്നത് ഇന്നോവയുടെ ഉടമസ്ഥനായ ചെങ്ങന്നൂര്‍ സ്വദേശി ജോണ്‍സണായിരുന്നു. കാര്‍ പ്രശാന്തിന്റെ അല്ലെന്നും വാടകയ്ക്ക് നല്‍കിയതാണെന്നും ജോണ്‍സണ്‍ മൊഴി നല്‍കി. രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇക്കാര്യം ശരിയാണെന്ന് പോലീസിന് ബോധ്യപ്പെട്ടു. പിന്നീട് ഉടമ കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞതോടെയാണ് പ്രശാന്തിനെ കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം പോലീസിന് ലഭിച്ചത്.

ഉടമ പറഞ്ഞത് ഇങ്ങനെ: മാസങ്ങളായി ഇന്നോവ കാര്‍ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുകയായിരുന്നു പ്രശാന്ത്. വാടക കൃത്യമായി തരുന്ന ശീലം ഉണ്ടായിരുന്നില്ല. ഇനി കാറു നല്‍കാനാകില്ല എന്ന് ഉടമ പറഞ്ഞപ്പോള്‍ എണ്‍പതിനായിരം രൂപ ഒറ്റത്തവണയായി നല്‍കി. മറ്റൊരു സുഹൃത്തില്‍ നിന്ന് പണം വാങ്ങിയാണ് പ്രശാന്ത് തുക നല്‍കിയതെന്നാണ് മനസ്സിലാക്കുന്നത് എന്നും കാറുടമ പറഞ്ഞു. ഒരു ദിവസം 2000 രൂപ എന്ന വാടകയായിരുന്നു എന്നും ഉടമ മൊഴി നല്‍കി.

കാര്‍ ഉടമയെ കണ്ടെത്തിയതോടെ അന്വേഷണം ഊര്‍ജിതമായി. ഇന്നലെ മുതല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ കാറിന്റെ ജിപിഎസ് ലൊക്കേഷന്‍ എടുത്താണ് ഉടമ മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നും കാര്‍ കണ്ടെത്തിയത്. ഉടമയില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് പ്രശാന്ത് മുമ്പ് കാര്‍ പാര്‍ക്ക് ചെയ്തിരുന്ന മുടിയൂര്‍ക്കരയിലേക്ക് പോകാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് കത്തി കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker