‘തല-ദളപതിയെ’ കണ്ടു ,വൈറലായി വിജയ് – ധോണി കൂടിക്കാഴ്ച
ചെന്നൈ:സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറല്‍ ആയി ‘തല-ദളപതി’ കൂടിക്കാഴ്ച. ചെന്നൈ ഗോകുലം സ്റ്റുഡിയോസില്‍ വച്ചാണ് എം എസ് ധോണിയും വിജയ്‍യും കണ്ട് പരിചയം പുതുക്കിയത്. വിജയ്‍യുടെ പുതിയ ചിത്രം ‘ബീസ്റ്റി’ന്‍റെ ചിത്രീകരണത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഒരു പരസ്യ ചിത്രീകരണത്തിനുവേണ്ടിയാണ് ധോണിയും ഈ സ്റ്റുഡിയോയില്‍ എത്തിയത്.
ധോണി നായകനായ ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‍സിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു 2008 കാലത്ത് വിജയ്. ഇക്കാലം മുതലുള്ളതാണ് ഇരുവര്‍ക്കുമിടയിലെ പരിചയം. പുതിയ ചിത്രങ്ങള്‍ക്കൊപ്പം സിഎസ്‍കെ ജഴ്സിയിലുള്ള ഇരുവരുടെയും പഴയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
‘മാസ്റ്ററി’ന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനാവുന്ന ചിത്രമാണ് ‘ബീസ്റ്റ്’. ‘കോലമാവ് കോകില’യും ‘ഡോക്ടറും’ ഒരുക്കിയ നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് സംവിധാനം. ‘സര്‍ക്കാരി’നു ശേഷം സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന വിജയ് ചിത്രം കൂടിയാണിത്. ജോര്‍ജിയയിലും ചെന്നൈയിലുമായി ആദ്യ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയായ ചിത്രത്തിന്‍റെ മൂന്നാം ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്.
പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ സെല്‍വരാഘവന്‍, ഷൈന്‍ ടോം ചാക്കോ, യോഗി ബാബു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷൈനിന്‍റെ തമിഴ് അരങ്ങേറ്റചിത്രം കൂടിയാണ് ഇത്. മനോജ് പരമഹംസ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.