
കൊച്ചി: മകന്‍ ജയിലില്‍ക്കഴിയുന്നത് സഹിക്കാന്‍ പറ്റുന്നില്ല- അമ്മ കോടതിയില്‍ അറിയിച്ചതോടെ 25-കാരന് ജാമ്യമനുവദിച്ച് ഹൈക്കോടതി. പുതുവത്സരാഘോഷത്തിന് പണം നല്‍കാത്തതിനാലായിരുന്നു സമ്മല്‍ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. മകന്റെ പരാക്രമത്തില്‍ തലയിലും മുഖത്തും കൈയിലുമായി അമ്മയ്ക്ക് 12 മുറിവുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
ജനുവരി ഒന്നുമുതല്‍ തടവിലാണെന്നതടക്കം ചൂണ്ടിക്കാട്ടി മകന്‍ ജാമ്യാപേക്ഷ നല്‍കി. പരാതിയില്ലെന്ന് മാതാവ് പറഞ്ഞാല്‍മാത്രമേ ജാമ്യം അനുവദിക്കൂ എന്ന് കോടതി അറിയിച്ചപ്പോള്‍ ജാമ്യം അനുവദിക്കുന്നതിന് എതിര്‍പ്പില്ലെന്നുകാട്ടി അമ്മ സത്യവാങ്മൂലം ഫയല്‍ചെയ്തു. കാര്യം പരിശോധിക്കാനെത്തിയ അന്വേഷണ ഉദ്യോഗസ്ഥനോട് അമ്മയ്ക്ക് ഇത്രയേ പറയാനുണ്ടായിരുന്നുള്ളൂ: ”എന്റെ മകന്‍ ജയിലില്‍ക്കഴിയുന്നത് ഒരമ്മ എന്നനിലയ്ക്ക് എനിക്ക് സഹിക്കാന്‍പറ്റുന്നില്ല…”
ദൗര്‍ഭാഗ്യവതിയായ അമ്മയുടെ കണ്ണീരുകലര്‍ന്ന വാക്കുകളാണിതെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പ്രതിയായ സമ്മലിന് ജാമ്യമനുവദിച്ചു. ഉണങ്ങാത്ത മുറിവുകളുടെ വേദനപോലും മാതൃസ്‌നേഹത്താല്‍ അവര്‍ മറന്നിരിക്കാം. പനിനീര്‍പ്പൂപോലെയാണ് അമ്മയുടെ സ്‌നേഹം, അതെപ്പോഴും ശോഭിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതാവ് എന്തെങ്കിലും പരാതി ഉന്നയിച്ചാല്‍ ബന്ധപ്പെട്ട കോടതിക്ക് ജാമ്യം റദ്ദാക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു