മകളെ ‘വലയിലാക്കാന്‍’ പ്രതിശ്രുത വരന് പണം നല്‍കി അമ്മ! വിവരം അറിഞ്ഞ യുവതി വിവാഹത്തില്‍ നിന്ന് പിന്മാറി
തന്നോടൊപ്പം ഡേറ്റിംഗ് നടത്താന്‍ പ്രതിശ്രുത വരന് പണം നല്‍കിയത് സ്വന്തം അമ്മയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് യുവതി വിവാഹത്തില്‍ നിന്ന് പിന്മാറി. രണ്ട് മാസത്തെ ഡേറ്റിംഗിന് ശേഷമാണ് കാമുകന്‍ തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്നും പേരു വെളിപ്പെടുത്താത്ത പെണ്‍കുട്ടി ബസ്സ് ഫീഡില്‍ കുറിച്ചു.
ഡേറ്റിംഗിന് ശേഷം യുവാവ് ഒരു വില കൂടിയ വജ്ര മോതിരം നല്‍കിയാണ് യുവതിയോട് വിവാഹാഭ്യര്‍ത്ഥ നടത്തിയത്. വിവാഹം കഴിക്കാന്‍ സമ്മതം അറിയിക്കുകയും ചെയ്തുവെന്നും യുവതി വ്യക്തമാക്കി. ഇരുവരും പ്രണയത്തിലായതിനാല്‍ വിവാഹം എത്രയും വേഗം നടത്തണമെന്ന് പ്രതിശ്രുത വരന്‍ നിര്‍ബന്ധിച്ചിരുന്നതായും യുവതി പറഞ്ഞു.
വിവാഹം കഴിക്കാനുള്ള തീരുമാനം അറിയിച്ചതോടെ തന്റെ അമ്മ വളരെ സന്തോഷവതിയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ വിവാഹം നടത്തുന്നതിനായി അമ്മ കൂടുതല്‍ പണം ചെലവഴിക്കാന്‍ തുടങ്ങിയതോടെ ചില സംശയങ്ങള്‍ തോന്നിയിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. തനിയ്ക്ക് വില കൂടിയ വിവാഹ വസ്ത്രം വാങ്ങി നല്‍കിയതും സ്വന്തം അമ്മ തന്നെയാണ്. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും തന്റെ മാതാപിതാക്കളാണ് പണം ചെലവഴിച്ചിരുന്നതെന്നും യുവതിയ്ക്ക് വ്യക്തമായി.
തുടര്‍ന്ന് യുവാവോ യുവാവിന്റെ മാതാപിതാക്കളോ എന്തുകൊണ്ടാണ് വിവാഹാവശ്യത്തിനായി പണം ചെലവാക്കാത്തതെന്ന് താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന ചെറുപ്പക്കാരനോട് പെണ്‍കുട്ടി അന്വേഷിച്ചിരുന്നു. എന്നാല്‍ തന്റെ മാതാപിതാക്കള്‍ ധനികരെല്ലെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് പണമടയ്ക്കുകയായിരുന്നുവെന്നുമെല്ലാം യുവാവ് ഒഴിവ് കഴിവുകള്‍ പറഞ്ഞു. അത് ന്യായമായ ഒരു ന്യായീകരണമായി പെണ്‍കുട്ടിയ്ക്ക് തോന്നിയെങ്കിലും വിവാഹനിശ്ചയത്തിന് അത്രയും വില കൂടിയ മോതിരം വാങ്ങിയത് എന്തിന് എന്ന കാര്യത്തില്‍ യുവതിയ്ക്ക് സംശയം ബാക്കിയായി.
തുടര്‍ന്ന് ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ തന്നെ പെണ്‍കുട്ടി തീരുമാനിച്ചു. മോതിരം വാങ്ങിയ കടയില്‍ അതിന്റെ യഥാര്‍ത്ഥ വില അറിയാന്‍ യുവതി പോയി. കടയില്‍ നിന്ന് യുവാവ് അല്ല മോതിരം വാങ്ങിയതെന്നും തന്റെ സ്വന്തം അമ്മയാണ് ആ മോതിരം വാങ്ങിയതെന്നും പെണ്‍കുട്ടി മനസ്സിലാക്കി. പ്രതിശ്രുത വരനുമൊത്തുള്ള ഡേറ്റിംഗ് ആരംഭിക്കുന്നതിന് മുമ്ബ് തന്നെ അമ്മ വാങ്ങിയ മോതിരമായിരുന്നു ഇത്.
അമ്മയാണ് ഇക്കാര്യങ്ങളെല്ലാം നടത്തിയതെന്ന് മനസ്സിലാക്കിയ യുവതി അമ്മയോട് നേരിട്ട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ചില സത്യങ്ങള്‍ തിരിച്ചറിയുന്നത്. യുവാവിനെ ഒരു സുഹൃത്ത് വഴിയാണ് അമ്മ കണ്ടുമുട്ടിയതെന്നും ആദ്യത്തെ ഡേറ്റിനായി സ്റ്റാര്‍ ഹോട്ടലിലെത്താന്‍ ഇയാള്‍ക്ക് പണം നല്‍കിയതായും അമ്മ വ്യക്തമാക്കി. ഇരുവരും ഒരുമിച്ചുള്ള എല്ലാ ഡേറ്റിനും യുവാവിന് പണം നല്‍കിയത് അമ്മയായിരുന്നു. മകളുടെ വിവാഹം നടക്കാത്തതിലെ നിരാശ കൊണ്ടാണ് അമ്മ ഇതൊക്കെ ചെയ്തത്. എന്നാല്‍ അയാള്‍ പണത്തിനായി മാത്രമാണ് പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാന്‍ തയ്യാറായത്.
ബൈസക്ഷ്വലായ പെണ്‍കുട്ടിയ്ക്ക് മുമ്പ് ഒരു പെണ്‍സുഹൃത്തുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ തന്റെ മകള്‍ ഒരു പുരുഷനെ തന്നെ വിവാഹം കഴിക്കണമെന്ന ആഗ്രഹമാണ് ഈ അമ്മയെ കൊണ്ട് ഇങ്ങനെയെല്ലാം ചെയ്യിച്ചത്. എന്നാല്‍ പെണ്‍കുട്ടി ഇപ്പോള്‍ മറ്റൊരു യുവതിയുമായി ഡേറ്റിംഗിലാണ്. താനിപ്പോള്‍ അമ്മയോട് സംസാരിക്കാറില്ലെന്ന് പറഞ്ഞാണ് യുവതി കുറിപ്പ് അവസാനിപ്പിച്ചത്.