കൗമാരക്കാരനായ മകന്‍ ഓടിച്ച കാറിടിച്ച് അമ്മയ്ക്ക് ദാരുണാന്ത്യം
ദുബായ്: യുഎഇയില്‍ കൗമാരക്കാരനായ മകനോടിച്ച കാറിടിച്ച് ഇന്ത്യക്കാരിയായ അമ്മ മരിച്ചു. ഷാര്‍ജയിലെ മുവീല ഖേലയിലാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ച 17കാരന് ലൈസന്‍സും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ പോലീസ് ഉടന്‍തന്നെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ത്യന്‍ സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇവരുടെ മകന്‍. ഈ മാസം അവസാനം 18 വയസ്സ് തികയുമെന്നും ഡ്രൈവിംഗ് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഇയാളുടെ സഹപാഠി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണ് കുടുംബം. അഞ്ച് മക്കളില്‍ മൂത്തയാളാണ് അപകടമുണ്ടാക്കിയ കുട്ടി. കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ബ്രേക്കില്‍ ചവിട്ടുന്നതിനു പകരം ആക്സിലറേറ്ററില്‍ കാലമര്‍ത്തിയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.