മരിച്ചെന്ന് കരുതി 72കാരനെ ഒരു രാത്രി മുഴുവന്‍ മോര്‍ച്ചറിയിലിട്ടു; ജീവനുണ്ടെന്ന് അറിഞ്ഞത് പിറ്റേന്ന് പോസ്റ്റ് മോര്‍ട്ടത്തിനെടുത്തപ്പോള്‍!
ഭോപ്പാല്‍: മരിച്ചെന്ന് കരുതി 72വയസുള്ള വൃദ്ധനെ ഒരു രാത്രി മുഴുവന്‍ മോര്‍ച്ചറിയില്‍ ഇട്ടു. പിറ്റേ ദിവസം പോസ്റ്റുമോര്‍ട്ടം നടത്താനായി മൃതദേഹം എടുത്തപ്പോള്‍ ആള്‍ക്ക് ജീവനുണ്ടെന്നറിഞ്ഞു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബീനാ സിവില്‍ ആശുപത്രിയിലാണ് സംഭവം. ജീവനുണ്ടെന്ന് അറിഞ്ഞ ഉടന്‍ തന്നെ ഇദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാവിലെ 10.20 ഓടെ ഇയാള്‍ മരിച്ചു.
തെരുവിലെ റോഡില്‍ ബോധരഹിതനായി കിടന്ന കാശിറാമിനെ വ്യാഴാഴ്ചയാണ് ചിലര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ രാത്രി 9 മണിയോടെ ഇയാളുടെ മരണം സ്ഥിരീകരിക്കുകയും പോലീസിനെ വിവരം അറിയിച്ച ശേഷം ശരീരം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ഇന്നലെ പോസ്റ്റുമോര്‍ട്ടം നടപടി ആരംഭിക്കുന്നതിന് മുന്‍പായി പോലീസ് സ്റ്റേഷനില്‍ നിന്നും ഒരു ഉദ്യോഗസ്ഥന്‍ ആശുപത്രിയിലെത്തി.
അതിന് ശേഷം ശരീരം പോസ്റ്റുമോര്‍ട്ടം ടേബിളില്‍ കിടത്തിയപ്പോഴാണ് ഇദ്ദേഹത്തിന് ശ്വാസമുണ്ടെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിയുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വിക്രം സിങ് പറഞ്ഞു. തുടര്‍ന്ന് കാശിറാമിന് അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും 10.20 ഓടെ ഇദ്ദേഹം മരണപ്പെടുകയായിരുന്നു.