ശ്വാസം മുട്ടി ഇന്ത്യ,ഓക്‌സിജന്‍ ക്ഷാമത്തില്‍ ശനിയാഴ്ച മാത്രം 31 മരണം
ന്യൂഡൽഹി:കോവിഡിന്റെ രണ്ടാംവ്യാപനത്തിനിടെ അടിയന്തരചികിത്സയ്ക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് വീണ്ടും രോഗികളുടെ ജീവനെടുക്കുന്നു. തലസ്ഥാനനഗരമായ ഡൽഹിയിലെയും പഞ്ചാബിലെ അമൃത്‌സറിലെയും രണ്ട് സ്വകാര്യ ആശുപത്രികളിലായി 31 രോഗികൾ കൂടി മരിച്ചു.
തെക്കുപടിഞ്ഞാറൻ ഡൽഹി രോഹിണിയിലെ ജയ്‌പുർ ഗോൾഡൻ ആശുപത്രിയിലാണ് 25 മരണം. അമൃത്‌സറിലെ നീൽകാന്ത് ആശുപത്രിയിൽ ആറുപേരും മരിച്ചു. വെള്ളിയാഴ്ച സെൻട്രൽ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ 25 രോഗികൾ മരിച്ചിരുന്നു. രാജ്യതലസ്ഥാനത്തെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്നം ശനിയാഴ്ചയും കോടതി കയറിയിട്ടും ആശുപത്രികളിൽ നിന്നുള്ള പരാതികളും സഹായംതേടിയുള്ള അഭ്യർഥനകളും നിലച്ചിട്ടില്ല.
ജയ്‌പുർ ഗോൾഡൻ ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് മതിയായ അളവിൽ ഓക്സിജൻ ലഭിക്കാതെ രോഗികൾ മരിച്ചത്. ഇവിടെ 200 കോവിഡ് രോഗികൾ ചികിത്സയിലുണ്ട്. ഇതിൽ 80 ശതമാനവും ഓക്സിജൻ സഹായം ആവശ്യമുള്ളവരാണെന്ന് മെഡിക്കൽ ഡയറക്ടർ ഡി.കെ. ബലൂജ പറഞ്ഞു. 35 രോഗികൾ ഐ.സി.യു.വിലും ഉണ്ട്.
‘‘വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മൂന്നര മെട്രിക് ടൺ ഓക്സിജൻ എത്തേണ്ടതായിരുന്നു. അതു കിട്ടാൻ അർധരാത്രിയായി. അപ്പോഴേയ്ക്കും 25 രോഗികൾ മരിച്ചു.’’ – ഡോ. ഡി.കെ. ബലൂജ വിശദീകരിച്ചു. അടിയന്തരമായി ഓക്സിജൻ ലഭ്യമാക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെ സമീപിച്ചെങ്കിലും കുറഞ്ഞ അളവിലാണ് ഓക്സിജൻ ലഭിച്ചതെന്നും കടുത്ത പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.
അമൃത്‌സറിൽ നീൽകാന്ത് ആശുപത്രിയിൽ മരിച്ചവരിൽ അഞ്ചുപേർ കോവിഡ് ബാധിതരാണ്. ജില്ലാ ഭരണകൂടത്തോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സഹായം ലഭിച്ചില്ലെന്ന് ആശുപത്രി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സുനിൽ ദേവഗൺ പറഞ്ഞു. ഓക്സിജൻ നൽകണമെന്ന് വിതരണക്കാരോട് ആവശ്യപ്പെട്ടപ്പോൾ സർക്കാർ ആശുപത്രികൾക്കാണ് മുൻഗണനയെന്നായിരുന്നു മറുപടി. സ്വകാര്യ ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണം തടയാൻ യൂണിറ്റുകൾക്ക് പുറത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ദേവഗൺ ആരോപിച്ചു.
രാജ്യത്ത് രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം തുടരുന്നതിനിടെ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് ഓക്‌സിജന്‍ എത്തിയ്ക്കുന്നതിനുള്ള നടപടികള്‍ക്കും തുടക്കമായി. ദ്രവീകൃത ഓക്സിജന്‍ സൂക്ഷിക്കാന്‍ സിംഗപ്പൂരില്‍ നിന്നും കയറ്റി അയച്ച ക്രയോജെനിക് കണ്ടെയ്നറുകള്‍ ഇന്ത്യയിലെത്തി. വ്യോമസേന വിമാനത്തിലാണ് കണ്ടെയ്നറുകളെത്തിയത്.
ദ്രവീകൃത ഓക്സിജന്‍ സൂക്ഷിക്കാനുള്ള നാല് ക്രയോജെനിക് കണ്ടെയ്നറുകളാണ് സിംഗപ്പൂര്‍ ഇന്ത്യയ്ക്ക് നല്‍കിയത്. കണ്ടെയ്നറുകള്‍ വഹിച്ചുള്ള വിമാനങ്ങള്‍ വൈകുന്നേരത്തോടെയാണ് ബംഗാളിലെ പനാഗഡ് വ്യോമതാവളത്തില്‍ എത്തിയത്. ഇതോടെ വിവിധ സംസ്ഥാനങ്ങള്‍ നേരിടുന്ന ഓക്സിജന്‍ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമാകും.
ഓക്സിജന്‍ ലഭ്യതയ്ക്കായി ജര്‍മ്മനിയില്‍ നിന്നും 23 മൊബൈല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ എത്തിക്കാനും തീരുമാനമായിട്ടുണ്ട്. ഓക്സിജന്‍ ലഭ്യതക്കുറവ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ റഷ്യയും ചൈനയും ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. ഓസ്ട്രേലിയയും ഫ്രാന്‍സും ഇംഗ്ലണ്ടും കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ആവശ്യമുള്ള സഹായങ്ങള്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
രാജ്യതലസ്ഥാനത്ത് പോസിറ്റിവിറ്റി നിരക്ക് 32 ശതമാനമാണ്. 92,000 പേരാണ് കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ചൊവ്വാഴ്ചയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്-28,395.
രോഗം ബാധിച്ച് വ്യാഴാഴ്ച 306 പേരാണ് മരിച്ചത്. ബുധനാഴ്ച-249, ചൊവ്വാഴ്ച-277, തിങ്കളാഴ്ച 240, ഞായറാഴ്ച -161, ശനിയാഴ്ച 167 എന്നിങ്ങനെയാണ് മരണസംഖ്യ.
ഓക്സിജന്‍ ക്ഷാമം രൂക്ഷമായത് ഡല്‍ഹിയില്‍ കടുത്ത ആശങ്കയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്. മിക്ക ആശുപത്രികളിലും സ്റ്റോക്ക് അവസാനിക്കാറായ സാഹചര്യമാണുളളത്. ഐസിയു കിടക്കകളും ഏതാണ്ട് നിറഞ്ഞ അവസ്ഥയിലാണ്. ഓക്സിജന്‍ സിലിണ്ടറുകളും മരുന്നുകളും എത്തിക്കണമെന്ന സഹായ അഭ്യര്‍ഥനയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
ഇന്ത്യയില്‍ ഓക്സിജന്‍ ലഭ്യതക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന കൊവിഡ് രോഗികള്‍ക്ക് ആശ്വാമേകാന്‍ സൗദിയിൽ നിന്ന് ഓക്സിജന്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള നടപടികളായി. റിയാദിലെ ഇന്ത്യന്‍ എംബസിയാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഓക്സിജന്‍ കണ്ടയിനറുകള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി തുറമുഖത്തു എത്തിച്ചിട്ടുണ്ട്. ഏതാനും ലോഡുകള്‍ കിഴക്കന്‍ സഊദിയിലെ ദമാം തുറമുഖത്ത് നിന്നും ഗുജറാത്ത് തുറമുഖത്തേക്കാണ് തിരിച്ചത്.