കൊച്ചി: ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള പുരാവസ്തു വില്‍പന തട്ടിപ്പുക്കാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. മൂന്ന് ദിവസത്തേക്കാണ് മോന്‍സനെ ക്രൈം ബ്രാഞ്ചിന് കസ്റ്റഡിയില്‍ ലഭിച്ചത്. തൃപ്പൂണിത്തുറ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. പുരാവസ്തുത്തട്ടിപ്പ് കേസില്‍ പരാതിക്കാരായ നാലുപേരില്‍ നിന്നും ക്രൈബ്രാഞ്ച് ഇന്ന് മൊഴിയെടുക്കും.
എം ടി ഷമീര്‍, യാക്കൂബ് പുറായില്‍, അനൂപ് വി അഹമ്മദ്, സലീം എടത്തില്‍ എന്നിവരാണ് എറണാകുളം ക്രൈബ്രാഞ്ച് ഓഫിസില്‍ ഹാജരായി മൊഴി നല്‍കുക. മോന്‍സന്റെ ബാങ്ക് ഇടപാടുകള്‍ അടക്കം പരിശോധിച്ച ശേഷം തെളിവെടുപ്പ് നടത്താനാണ് തീരുമാനം. കുറഞ്ഞ വിലയ്ക്ക് പഴയ ടെലിവിഷനുകള്‍ എത്തിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇടുക്കിയില്‍ നിന്നാണ് മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകളുടെ തുടക്കം.
എന്നാല്‍ പണം നഷ്ടപ്പെട്ടവര്‍ പരാതി നല്‍കാത്തതിനാല്‍ മോന്‍സന് പിടിവീണില്ല. പിന്നെ വാഹന വില്‍പനയിലൂടെ തട്ടിപ്പ് വിപുലീകരിച്ചു. കുറഞ്ഞ നിരക്കില്‍ കാര്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞായിരുന്നു ഇത്. ഇതിനുപുറമെ ഇടുക്കി രാജാക്കാടുള്ള ജ്വല്ലറി ഉടമക്ക് സ്വര്‍ണം എത്തിച്ചുനല്‍കാമെന്ന് പറഞ്ഞും ലക്ഷങ്ങള്‍ തട്ടിയതായി ആരോപണമുണ്ട്. കസ്റ്റഡിയില്‍ ഉള്ള മോന്‍സനെ ഇന്നലെ രാത്രിയില്‍ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
പണം നല്‍കിയവരുടെയും ഇടനിലക്കാരായി പ്രവര്‍ത്തിച്ച ചിലരുടെയും പേരുകള്‍ മോന്‍സന്‍ വെളിപ്പെടുത്തിയെന്നാണ് സൂചന. വ്യാജരേഖകള്‍ ചമ്മച്ചുള്ള തട്ടിപ്പ്, നേരിട്ടുള്ള വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് മോന്‍സനെതിരെ ചുമത്തിയിരിക്കുന്നത്. തട്ടിപ്പിനിരയായിട്ടും പുറത്ത് പറയാന്‍ മടിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണസംഘം തേടുന്നുണ്ട്.