അവസാനം കാസ്പറിനെയും വിസ്കിയെയും സമ്മതിപ്പിച്ചു,ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
കൊച്ചി:മോഹന്‍ലാലിന്‍റെ വളര്‍ത്തുമൃഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കും സുപരിചിതരാണ്. ഇപ്പോഴിതാ താന്‍ വീട്ടില്‍ വളര്‍ത്തുന്ന നായകളായ കാസ്പറിനും വിസ്കിക്കുമൊപ്പമുള്ള അദ്ദേഹത്തിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.
മോഹന്‍ലാല്‍ തന്നെയാണ് നായക്കുട്ടികള്‍ക്കൊപ്പമുള്ള തന്‍റെ ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവച്ചത്. എനിക്കൊപ്പം പോസ് ചെയ്യാന്‍ അവസാനം കാസ്പറിനെയും വിസ്കിയെയും സമ്മതിപ്പിച്ചു, ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ കുറിച്ചു.
അതേസമയം നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ അപ്കമിംഗ് ലൈനപ്പില്‍ ഉള്ളത്. നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയാണ്. നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രമായാണ് പ്രധാനമായും ഒരുങ്ങുന്നതെങ്കിലും തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും.
റിലീസ് തീയതി ദസറയ്ക്ക് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 200 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഏക്ത കപൂര്‍ സഹനിര്‍മ്മാതാവാകുന്ന ചിത്രമാണിത്.
റോഷന്‍ മെക, ഷനയ കപൂര്‍, സഹ്‍റ ഖാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എപിക് ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം പ്രധാന കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്നാണ് വിവരം.
ജീത്തു ജോസഫിന്‍റെ നേര്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, മോഹന്‍ലാലിന്‍റെ തന്നെ സംവിധാന അരങ്ങേറ്റമായ ബറോസ്, ലൂസിഫര്‍ രണ്ടാം ഭാഗമായ, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍, ജീത്തു ജോസഫിന്‍റെ റാം എന്നിങ്ങനെയാണ് മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയിലെ മറ്റ് ചിത്രങ്ങള്‍. ഇതില്‍ മലൈക്കോട്ടൈ വാലിബനും നേരും ബറോസും ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമകളാണ്.