KeralaNews

കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്‌നേഹച്ചൂട് ഹൃദയത്തില്‍ നിന്ന് ഒരിക്കലും മായില്ല, വൈകാരിക കുറിപ്പുമായി മോഹൻലാൽ

കൊച്ചി:മലയാള സിനിമ കണ്ട ഏറ്റവും പ്രതിഭാധനരായ നടന്‍മാരില്‍ ഒരാളായ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍.നാടക അരങ്ങുകളില്‍ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേര്‍പാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് . വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേര്‍ത്തുപിടിച്ച വാത്സല്യമായിരുന്നു നെടുമുടി വേണു എന്ന് അദ്ദേഹം പറഞ്ഞു.ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നല്‍കാന്‍ ആവുന്നില്ല.കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്‌നേഹച്ചൂട് ഹൃദയത്തില്‍ നിന്ന് ഒരിക്കലും മായില്ലെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടന്‍ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളില്‍ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേര്‍പാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് . വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേര്‍ത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടന്‍ എനിക്ക്.

എത്ര സിനിമകളില്‍ ഒന്നിച്ചു ഞങ്ങള്‍. മലയാളം നെഞ്ചോടുചേര്‍ത്ത എത്ര വൈകാരിക സന്ദര്‍ഭങ്ങള്‍ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങള്‍ക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നല്‍കാന്‍ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്‌നേഹച്ചൂട് ഹൃദയത്തില്‍ നിന്ന് ഒരിക്കലും മായില്ല.

കുട്ടനാട്ടിലെ നെടുമുടിയിൽ നിന്നും പത്രപ്രവർത്തകനായും അധ്യാപകനായും സേവനമനുഷ്‌ഠിച്ച ശേഷം മലയാള നാടക സിനിമാ മേഖലയ്ക്ക് ലഭിച്ച അമൂല്യ കലാകാരനായിരുന്നു നെടുമുടി വേണു.നാടകലോകത്തെ കാവാലം-നെടുമുടി ബന്ധം അതിപ്രശസ്തമാണ്. കാവാലം നാരായണപ്പണിക്കരുടെ ‘അവനവൻ കടമ്പ’ ഉൾപ്പെടെയുള്ള പ്രശസ്ത നാടകങ്ങളിൽ നെടുമുടി വേണു വേഷമിട്ടു.

അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായുള്ള സൗഹൃദം അദ്ദേഹത്തെ നാടക ലോകത്തു നിന്നും സിനിമയിലെത്തിച്ചു. തിരുവനന്തപുരത്തെ താമസം അതിന് വഴിയൊരുക്കി. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത ‘തമ്പ്’ ആയിരുന്നു നെടുമുടി വേണുവിന്റെ അരങ്ങേറ്റ ചിത്രം. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും അദ്ദേഹം സിനിമാലോകത്തെ സാന്നിധ്യം അറിയിച്ചു. കാറ്റത്തെ കിളിക്കൂട്, തീർത്ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ ഒരു നുണക്കഥ, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായി. ‘പൂരം’ എന്ന ചിത്രം സംവിധാനം ചെയ്‌തു.

ടെലിവിഷൻ ലോകത്തും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. ‘കൈരളി വിലാസം ലോഡ്ജ്’ എന്ന ദൂരദർശൻ പരമ്പര സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്‌തു. ഇതിനു പുറമെ ഒട്ടേറെ പരമ്പരകളിൽ വേഷമിട്ടു.

1987ൽ മികച്ച നടനുള്ള ആദ്യ സംസ്ഥാന പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ സിനിമയിലെ പ്രകടനത്തിനായിരുന്നു അത്. ശേഷം 2003ൽ മാർഗം എന്ന സിനിമയിലെ വേഷത്തിന് പുരസ്‌കാരം ലഭിച്ചു.

‘ഹിസ് ഹൈനസ് അബ്‌ദുള്ളയിലെ’ പ്രകടനത്തിന് 1990ൽ മികച്ച സഹനടനുള്ള ദേശീയ അവാർഡ് നേടി. ‘മാർഗം’ സിനിമയ്ക്ക് പ്രത്യേക പരാമർശവും ലഭിച്ചു.മലയാളം, തമിഴ് ഭാഷകളിൽ 500 ലധികം സിനിമകളിൽ വേഷമിട്ടിരുന്നു. നെടുമുടി എൻ‌.എസ്‌.എസ്. ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ശേഷം ആലപ്പുഴ എസ്. ഡി. കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി. കലാകൗമുദിയിൽ പത്രപ്രവർത്തകനായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker