33.4 C
Kottayam
Sunday, May 5, 2024

ബാല്യകാല ചിത്രങ്ങൾ പങ്കുവെച്ച് പ്രണവ്, കമൻറുമായി മോഹൻലാൽ

Must read

സോഷ്യല്‍ മീഡിയയില്‍ അധികം സാന്നിധ്യമറിയിക്കാത്ത താരമായിരുന്നു പ്രണവ് മോഹന്‍ലാല്‍ (Pranav Mohanlal). പലപ്പോഴും പ്രണവിന്‍റെ ചില യാത്രാ ചിത്രങ്ങളൊക്കെ മറ്റുള്ളവര്‍ പോസ്റ്റ് ചെയ്‍താണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുള്ളത്. എന്നാല്‍ സമീപകാലത്ത് ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള പ്ലാറ്റ്‍ഫോമുകളില്‍ പ്രണവ് പോസ്റ്റുകള്‍ ഇടാറുണ്ട്. മരക്കാര്‍, ഹൃദയം പ്രൊമോഷനുകളുടെ ഭാഗമായുള്ള പോസ്റ്റുകളാണ് ഇന്‍സ്റ്റയിലൂടെ ആദ്യം പ്രണവ് ചെയ്‍തിരുന്നതെങ്കില്‍  പിന്നീട് യാത്രകളില്‍ താന്‍ പകര്‍ത്തിയ ചിത്രങ്ങളും തന്‍റെ തന്നെ ചില ചിത്രങ്ങളുമൊക്കെ അദ്ദേഹം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്‍റെ ചില കുട്ടിക്കാല ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ (Instagram) പങ്കുവച്ചിരിക്കുകയാണ് പ്രണവ്. 

ഒന്ന് ശൈശവകാലത്ത് അച്ഛന്‍ മോഹന്‍ലാലിന്‍റെ (Mohanlal) കൈകളില്‍ ഇരിക്കുന്നതും മറ്റൊന്ന് ബാല്യകാലത്ത് ആനയുടെ ഒരു ചെറുശില്‍പത്തിന് മുകളില്‍ ഇരിക്കുന്നതുമാണ്. 1.1 മില്യണ്‍ ഫോളോവേഴ്സ് ഉള്ള പ്രണവിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് വലിയ പ്രതികരണമാണ് എപ്പോഴും ലഭിക്കാറ്. എന്നാല്‍ ഈ ചിത്രങ്ങളുടെ കമന്‍റ് ബോക്സില്‍ എത്തുന്ന ആരാധകര്‍ക്ക് മറ്റൊരു കൗതുകം കൂടിയുണ്ട്. മോഹന്‍ലാല്‍ ഈ ചിത്രങ്ങള്‍ക്ക് കമന്‍റ് ചെയ്‍തിട്ടുണ്ട് എന്നതാണ് അത്. ഹൃദയ ചിഹ്നത്തിന്‍റെയും ചുംബനത്തിന്‍റെയും സ്മൈലികളാണ് മോഹന്‍ലാല്‍ കമന്റ് ചെയ്തിരിക്കുന്നത്. നാലായിരത്തിലേറെ ലൈക്കുകളാണ് മോഹന്‍ലാലിന്റെ കമന്‍റിന് ഇതിനകം ലഭിച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തിലെത്തിയ ഹൃദയമാണ് പ്രണവിന്‍റേതായി അവസാനം തിയറ്ററുകളില്‍ എത്തിയ ചിത്രം. പ്രണവിന്‍റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമായി മാറി ഈ ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് ഫെബ്രുവരി 18ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു. ജനുവരി 21നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യത്തിന്‍റെ തീരുമാനം. 

പ്രണവിന്‍റെ ആദ്യ 50 കോടി ചിത്രവുമാണിത്. ഫെബ്രുവരി ആദ്യവാരം തന്നെ ഹൃദയം പ്രണവിന്‍റെ കരിയറില്‍ ഏറ്റവുമധികം കളക്ട് ചെയ്യപ്പെട്ട ചിത്രമായി മാറിയിരുന്നു. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ആദ്യവാരം ചിത്രം നേടിയത് 16.30 കോടിയായിരുന്നു. രണ്ടാംവാരം 6.70 കോടിയും മൂന്നാംവാരം 4.70 കോടിയും നേടി. കേരളത്തിനു പുറത്ത് ചെന്നൈ, ബംഗളൂരു പോലെയുള്ള നഗരങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. യുഎസ്, കാനഡ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലും മികച്ച നേട്ടമാണ് ചിത്രം ഉണ്ടാക്കിയത്. പ്രണവ് കൈയടി നേടിയ ചിത്രത്തില്‍ രണ്ട് നായികമാരാണ് ഉള്ളത്. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും. അരുണ്‍ നീലകണ്ഠന്‍ എന്നാണ് പ്രണവ് അവതരിപ്പിച്ചിരിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. അരുണിന്‍റെ 17 മുതല്‍ 30 വയസ് വരെയുള്ള ജീവിതകാലമാണ് ചിത്രം അടയാളപ്പെടുത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week