നഗ്ന രംഗത്തെ കുറിച്ച് ബ്ലസ്സി നേരത്തെ പറഞ്ഞിരുന്നില്ല; തന്മാത്രയിലെ കഥാപാത്രത്തെ കുറിച്ച് മനസ് തുറന്ന് മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ ഏറെ അഭിനന്ദനം ലഭിച്ച കഥാപാത്രമായിരുന്നു ബ്ലസ്സിയുടെ തന്മാത്രയിലെ രമേശന്‍ നായര്‍. അല്‍ഷിമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഇപ്പോള്‍ തന്റെ തന്മാത്രയിലെ കഥാപാത്രത്തെ കുറിച്ച് മനസ്തുറക്കുകയാണ് മോഹന്‍ലാല്‍.
ഒരുപാട് ഡോക്ടര്‍മാര്‍ എന്നോട് ചോദിച്ചിട്ടുണ്ട് മോഹന്‍ലാല്‍ എങ്ങിനെയാണ് ഈ കഥാപാത്രത്തെ ചെയ്തതെന്ന്. സത്യം പറഞ്ഞാല്‍ എനിക്കറിയില്ല. സിനിമ തുടങ്ങുമ്പോള്‍ തന്നെ രമേശന്‍ നായര്‍ക്ക് അല്‍ഷിമേഴ്‌സുണ്ട്. തന്മാത്ര ഒരുപാട് പേര്‍ക്ക് വെളിച്ചം കൊടുത്ത സിനിമയാണ്. അങ്ങനെ ഒരു അസുഖമുണ്ടെന്ന് പലരും തിരിച്ചറിഞ്ഞത് ഈ സിനിമയിലൂടെയാണ്.
തന്മാത്രയില്‍ ഞാന്‍ നഗ്നനായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ആ രംഗം സെന്‍സര്‍ ചെയ്തു. സിനിമ പ്രദര്‍ശനത്തിനെത്തി രണ്ടു ദിവസം അത് അങ്ങിനെ തന്നെ തിയേറ്ററില്‍ കാണിച്ചിരുന്നു. പിന്നീട് എന്തുകൊണ്ടോ അത് സിനിമയില്‍ നിന്ന് മാറ്റി. വളരെ വൈകാരികമായ ഒരു രംഗമായിരുന്നു അത്. രമേശന്‍ നായരും അദ്ദേഹത്തിന്റെ ഭാര്യയും കട്ടിലില്‍ കിടക്കുമ്പോള്‍ പല്ലിയെ ഓടിക്കാന്‍ അയാള്‍ എല്ലാം മറന്ന് എണീറ്റ് പോകുന്ന രംഗമായിരുന്നു അത്.
അങ്ങനെ ഒരു രംഗമുണ്ടെന്ന് ബ്ലെസി എന്നോട് പറഞ്ഞില്ല, അദ്ദേഹം തിരക്കഥയില്‍ അത് എഴുതി വച്ചിരുന്നു. എന്തുകൊണ്ടാണ് എന്നോട് നേരത്തേ പറയാതിരുന്നത് എന്ന് ഞാനും ചോദിച്ചില്ല. ആ രംഗത്തില്‍ വേണമെങ്കില്‍ ഒരു കസേരയോ മേശയോ വച്ച് മറക്കാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യണമെന്ന് ഞങ്ങള്‍ ആര്‍ക്കും തോന്നിയില്ല”- മോഹന്‍ലാല്‍ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.