ഇബ്രാഹിം റെയ്‌സിയുടെ മരണത്തിന് പിന്നാലെ താല്‍ക്കാലിക പ്രസിഡന്റായി ചുമതല ഏറ്റെടുത്ത് വെസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍. ഇറാനിയന്‍ ഭരണഘടന പ്രകാരം നിലവിലെ പ്രസിഡന്റ് മരിച്ചാല്‍ പരമോന്നത നേതാവിന്റെ അനുമതിയോടെ പ്രഥമ വൈസ് പ്രസിഡന്റിന് ചുമതല കൈമാറുകയെന്ന നടപടി ക്രമമാണ് പൂര്‍ത്തിയായിരിക്കുന്നത്.
ഇതിന് ശേഷം പരമാവധി 50 ദിവസത്തിനുള്ളില്‍ പ്രഥമ വൈസ് പ്രസിഡന്റ്, പാര്‍ലമെന്റ് സ്പീക്കര്‍, നീതിന്യായവിഭാഗം മേധാവി എന്നിവരടങ്ങുന്ന സമിതി തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തണമെന്നാണ് ഭരണഘടന പറയുന്നത്. പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കുന്നതുവരെ പ്രഥമ വൈസ് പ്രസിഡന്റാണ് രാജ്യത്തെ നയിക്കുകയെന്നും ഭരണഘടനയില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.
1955 സെപ്തംബര്‍ 1ന് ജനിച്ച മുഹമ്മദ് മൊഖ്ബറും റെയ്‌സിയെപ്പോലെ അയത്തൊള്ള ഖൊമേനിയുടെ വിശ്വസ്തനാണ്. 2021ലാണ് റെയ്‌സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുഹമ്മദ് മൊഖ്ബര്‍ ആദ്യ വൈസ്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറില്‍ റഷ്യ സന്ദര്‍ശിച്ച ഔദ്യോഗിക സംഘത്തില്‍ മുഹമ്മദ് മൊഖ്ബര്‍ ഉള്‍പ്പെട്ടിരുന്നു.
കരയില്‍ നിന്നും കരയിലേയ്ക്ക് വിക്ഷേപിക്കാവുന്ന മിസൈലുകളും കൂടുതല്‍ ഡ്രേണുകളും സംബന്ധിച്ച് ഈ സംഘം ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറാന്റെ റെവല്യൂഷനറി ഗാര്‍ഡില്‍ നിന്നുള്ള രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ നിന്നുള്ള ഒരാളും സംഘത്തിലുണ്ടായിരുന്നു.
നേരത്തെ ഇറാന്റെ പരമോന്നത നേതാവുമായി ബന്ധപ്പെട്ട നിക്ഷേപനിധിയുടെ (സെദാദ്) തലവനായും മൊഖ്ബര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.’ആണവ അല്ലെങ്കില്‍ ബാലിസ്റ്റിക് മിസൈല്‍ പ്രവര്‍ത്തനങ്ങളില്‍’ പങ്കുള്ളതായി ആരോപിക്കപ്പെടുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടികയില്‍ 2010ല്‍ യൂറോപ്യന്‍ യൂണിയന്‍ മോഖ്ബറിനെ ഉള്‍പ്പെടുത്തി. 2013ല്‍ യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് സെദാദിനെയും 37 കമ്പനികളെയും ഉപരോധത്തില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളുടെ പട്ടികയില്‍ പെടുത്തി.
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകന്‍ ഖൊമേനിയുടെ മുന്‍ഗാമിയായ അയത്തുള്ള റുഹോള ഖൊമേനിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സെതാദ് പ്രവര്‍ത്തിക്കുന്നത്. ‘സെതാദ് എജ്രായേ ഫര്‍മനെ ഹസ്രത്ത് ഇമാം’ അല്ലെങ്കില്‍ ഇമാമിന്റെ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള ആസ്ഥാനം അതിന്റെ മുഴുവന്‍ പേര്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷമുള്ള അരാജകത്വ കാലത്ത് ഉപേക്ഷിക്കപ്പെട്ടതായി കരുതപ്പെടുന്ന സ്വത്തുക്കള്‍ വില്‍ക്കാനും കൈകാര്യം ചെയ്യാനും, വരുമാനത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കാനും സെദാദിനെ ചുമതലപ്പെടുത്തിയിരുന്നു.