CrimeHome-bannerKeralaNews

മൊഫിയയുടെ ആത്മഹത്യ: സിഐ യെ സ്റ്റേഷന്‍ ചുമതലകളില്‍നിന്ന് മാറ്റി

കൊച്ചി: ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പോലീസിൽ പരാതി നൽകിയ ശേഷം വീട്ടിലെത്തിയ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടി. സി.ഐയെ സ്റ്റേഷൻ ചുമതലകളിൽനിന്ന് നീക്കി. ആലുവ എടയപ്പുറത്ത് മൊഫിയ പർവീൺ (23)ആണ് ആത്മഹത്യ ചെയ്തത്. സി.ഐക്കെതിരേ നടപടി വേണമെന്ന് ആത്മഹത്യ കുറിപ്പിൽ യുവതി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സി.ഐയെ സ്റ്റേഷൻ ചുമതലകളിൽനിന്ന് നീക്കിയത്. മൊഫിയ പർവീണിന്റെ ആത്മഹത്യ ആലുവ ഡിവൈ.എസ്.പി. അന്വേഷിക്കും.മൊഫിയയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരേ പോലീസ് കേസെടുക്കും. അതേസമയം, മൊഫിയയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അൻവർ സാദത്ത് എം.എൽ.എ. ആവശ്യപ്പെട്ടു.

ഒരു മാസം മുൻപാണ് യുവതി പോലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ മൊഴിയെടുപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റേഷനിനിലേക്ക് യുവതിയെയും പിതാവിനെയും വിളിപ്പിച്ചത്. സ്റ്റേഷനിൽ ഭർത്താവും വീട്ടുകാരും ഉണ്ടായിരുന്നു. എന്തിനാണ് അവരെ വിളിപ്പിച്ചത് എന്ന് ചോദിച്ചപ്പോൾ നടപടിക്രമങ്ങളുടെ ഭാഗമായാണ് എന്നാണ് സ്റ്റേഷനിൽ നിന്ന് പറഞ്ഞത്. തുടർന്ന് മൊഴിയെടുത്തിട്ട് പറഞ്ഞ് വിടണമെന്നും തനിക്ക് അയാളോടൊപ്പം നിന്ന് സംസാരിക്കാൻ കഴിയില്ലെന്നും യുവതി പറഞ്ഞു.

പരാതി പറയാനെത്തിയ മൊഫിയയോടും പിതാവിനോടും സി.ഐ. മോശമായി പെരുമാറിയെന്നാണ് ആരോപണം. മൊഴി നൽകിയ ശേഷം വീട്ടിലെത്തിയ പെൺകുട്ടിയെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൊഫിയയുടെ ആത്മഹത്യകുറിപ്പിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേയും ആലുവ ഈസ്റ്റ് സി.ഐക്കെതിരേയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സി.ഐക്കെതിരേ നടപടിയെടുക്കണമെന്നും ആത്മഹത്യകുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്.

മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസിനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മൊഫിയയുടെ പിതാവ് ഇർഷാദും രംഗത്തെത്തിയിട്ടുണ്ട്. ‘ആലുവ സി.ഐ. ഞങ്ങളോട് മോശമായാണ് പെരുമാറിയത്. സ്റ്റേഷനിലേക്കു കയറിച്ചെന്നപ്പോൾ താൻ തന്തയാണോടോ എന്നാണ് സി.ഐ. ചോദിച്ചത്. മരുമകന്റേയും അവരുടെ വീട്ടുകാരുടേയും മുന്നിൽവെച്ച് തന്നോടും മകളോടും മോശമായി സംസാരിച്ചു.’

‘സ്റ്റേഷനിൽനിന്ന് വന്ന തിരിച്ചുവന്നപ്പോൾ, നമുക്ക് നീതി കിട്ടുന്നില്ലല്ലോ പപ്പാ എന്നാണ് മകൾ പറഞ്ഞത്. നീതി കിട്ടുമെന്ന് ഞാൻ പറഞ്ഞപ്പോൾ സി.ഐ. ഞങ്ങളുടെ മുമ്പിൽ വെച്ച് ഇങ്ങനെ സംസാരിക്കില്ലല്ലോ എന്നാണ് അവൾ പറഞ്ഞത്. ഞാൻ ഇത്രയൊക്കെ സഹിച്ച് പോയാണ് പരാതി കൊടുത്തത്. എന്നിട്ടും അവർ എന്നോട് ഇങ്ങനെയാണല്ലോ പെരുമാറുന്നത് എന്നാണ് അവൾ പറഞ്ഞത്. മകൾക്ക് പോലീസിന്റെ ഭാഗത്ത് നിന്ന് അല്പം കരുണയാണ് വേണ്ടിയിരുന്നത്. കരുണ കിട്ടിയിരുന്നെങ്കിൽ മകൾ ആത്മഹത്യ ചെയ്യില്ലായിരുന്നു.’ ഇർഷാദ് പറയുന്നു.തൊടുപുഴയിൽ സ്വകാര്യ കോളേജിൽ മൂന്നാം വർഷ എൽ.എൽ.ബി. വിദ്യാർത്ഥിയാണ് മരിച്ച മൊഫിയ. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker