NationalNewsPolitics

വിവാഹപ്രായം ഉയര്‍ത്തുന്നത് ചിലർക്ക് അംഗീകരിക്കാനാകുന്നില്ല, അവരെ സ്ത്രീകള്‍ കാണുന്നുണ്ട്- മോദി

ലഖ്നൗ: വനിതാക്ഷേമത്തിനായുള്ള തന്റെ സർക്കാരിന്റെ സംഭാവനകൾ ഉയർത്തിക്കാണിച്ചും സ്ത്രീകളുടെ വിവാഹപ്രായം 21-ആക്കി ഉയർത്തുന്നതിനെ ന്യായീകരിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ പ്രദേശിലെ പ്രയാഗ്രാജിൽ സർക്കാർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുലക്ഷത്തിലധികം വനിതകൾ ഈ പരിപാടിയിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്.

കേന്ദ്രസർക്കാരിന്റേത് നിർണായക ചുവടുവെപ്പാണ്. മുൻപ് സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സായിരുന്നു. എന്നാൽ പെൺകുട്ടികൾക്ക് പഠനത്തിന് കൂടുതൽ സമയം ആവശ്യമുണ്ട്. അതിനാലാണ് ഞങ്ങൾ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നത്, മോദി പറഞ്ഞു. വിവാഹപ്രായം ഉയർത്തുന്നതിനെ ചിലർ എതിർക്കുന്നത് സ്ത്രീകൾ കാണുന്നുണ്ടെന്നും ഒരു പാർട്ടിയുടെയും പേരു പരാമർശിക്കാതെ മോദി കൂട്ടിച്ചേർത്തു.

ഇതിനിടെ, പ്രതിപക്ഷ എതിർപ്പിനിടെ പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ആരുമായും കൂടിയാലോചിക്കാതെയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാർട്ടികളുമായും ചർച്ച വേണം എന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിഷേധത്തിൻറെ ഭാഗമായി പ്രതിപക്ഷം ബിൽ കീറിയെറിഞ്ഞു.

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള സർക്കാർ നീക്കത്തിനെതിരെ വിവിധ പ്രതിപക്ഷ പാർട്ടികളും സാമൂഹിക സംഘടനകളും പ്രതിഷേധവുമായി നേരത്തേ രംഗത്തെത്തിയിരുന്നു. സമാജ്വാദി പാർട്ടിയിൽനിന്നുള്ള രണ്ട് എം.പിമാരും കോൺഗ്രസ്, സി.പി.എം. നേതാക്കളും വിവാഹപ്രായം ഉയർത്തുന്ന ബില്ലിനെ പാർലമെന്റിൽ എതിർക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം. സമാജ്വാദി പാർട്ടി അധ്യക്ഷൻ മുലായം സിങ് യാദവ് വിഷയത്തിൽനിന്ന് അകലം പാലിച്ചാണ് നിൽക്കുന്നത്. സമാജ്വാദി പാർട്ടി പുരോഗമന പാർട്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തിരഞ്ഞെടുപ്പിനെ മുൻനിർത്തിയുള്ള പ്രസംഗമായിരുന്നു പ്രയാഗ് രാജിൽ മോദി നടത്തിയത്. കിഴക്കൻ ഉത്തർ പ്രദേശിലേക്കുള്ള കവാടം എന്നാണ് പ്രയാഗ്രാജ് അറിയപ്പെടുന്നത്. അഖിലേഷ് യാദവിനും മായാവതിയുടെ ബി.എസ്.പിയ്ക്കും നിർണായക സ്വാധീനമുള്ള മേഖലയാണിത്. കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും ഇക്കുറി ഇവിടെ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. സ്ത്രീകേന്ദ്രീകൃത പ്രചാരണമാണ് പ്രിയങ്കയുടേത്.

കഴിഞ്ഞ ഒരുമാസത്തിനിടെ ഇത് പത്താംവട്ടമാണ് മോദി ഉത്തർ പ്രദേശിലെത്തുന്നത്. ക്രമസമാധാനം, വിദ്യാഭ്യാസം, സാമ്പത്തികം തുടങ്ങി സ്ത്രീശാക്തീകരണവും സർക്കാരിന്റെ മുൻഗണനാവിഷയത്തിൽ ഉൾപ്പെടുന്നതാണെന്ന് മോദി കൂട്ടിച്ചേർത്തു.

അഞ്ചുവർഷം മുൻപുവരെ ഉത്തർ പ്രദേശിൽ മാഫിയകളുടെയും ഗുണ്ടകളുടെയും ഭരണമായിരുന്നു. ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്നത് സ്ത്രീകൾക്കായിരുന്നു. പക്ഷെ സ്ത്രീകൾക്ക് ഒന്നും പറയാൻ കഴിയില്ലായിരുന്നു. നിങ്ങൾ പോലീസ് സ്റ്റേഷനെ സമീപിച്ചാൽ, ബലാത്സംഗം ചെയ്തവരെയും കുറ്റവാളികളെയും സഹായിക്കുന്ന ഫോൺവിളികൾ എത്തും. എന്നാൽ യോഗി കുറ്റവാളികളെ ജയിലിൽ അടച്ചെന്നും മോദി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker