36.9 C
Kottayam
Thursday, May 2, 2024

സീറ്റ് നിഷേധിച്ചു,വിമതനാകുമോയെന്ന് ഭയം,ഈശ്വരപ്പയെ വീഡിയോ കോളില്‍ സാന്ത്വനിപ്പിച്ച്‌ മോദി

Must read

ബെംഗളൂരു: തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന കര്‍ണാടകയില്‍ മുതിര്‍ന്ന നേതാക്കളടക്കം കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് ഒഴുകുന്നത് തടയിടാനുള്ള നീക്കവുമായി ബിജെപി. സീറ്റ് നിഷേധിക്കപ്പെട്ട മുതിര്‍ന്ന നേതാവ് കെ.എസ്. ഈശ്വരപ്പയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഫോണില്‍ വിളിച്ച് സാന്ത്വനിപ്പിച്ചു.

ഈശ്വരപ്പയ്ക്ക് പകരം ശിവമോഗ മണ്ഡലത്തില്‍ മകന്‍ കാന്തേഷിനെ മത്സരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അഭ്യൂഹങ്ങളും ചര്‍ച്ചകളും അസ്ഥാനത്താക്കി കഴിഞ്ഞ ദിവസം ചന്നബസപ്പയെ ഇവിടെ ബി.ജെ.പി. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഈശ്വരപ്പയെ വീഡിയോ കോള്‍ ചെയ്ത് സാന്ത്വനിപ്പിച്ചത്. മോദി വിളിച്ചതിന്റെ വീഡിയോ ഈശ്വരപ്പ തന്നെയാണ് സാമൂഹിക മാധ്യമങ്ങള്‍വഴി പങ്കുവെച്ചത്.

തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുന്നതിനായി കഠിനമായി പ്രയത്‌നിക്കുമെന്ന് വീഡിയോയില്‍ ഈശ്വരപ്പ മോദിക്ക് ഉറപ്പ് നല്‍കുന്നുണ്ട്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ആരോഗ്യ വിവരങ്ങളും തിരക്കി. ‘പ്രധാനമന്ത്രിയുടെ വിളി പ്രതീക്ഷിച്ചിരുന്നില്ല, അത് ശിവമോഗയില്‍ പാര്‍ട്ടിയെ വിജയിപ്പിക്കുന്നതിന് എന്നെ പ്രചോദിപ്പിക്കുന്നു, കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിനെ നിലനിര്‍ത്താൻ എല്ലാ വിധത്തിലും ഞങ്ങള്‍ ശ്രമിക്കും. ഞാന്‍ പ്രധാനമന്ത്രിയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്’, കെ.എസ് ഈശ്വരപ്പ പ്രതികരിച്ചു.

ഈശ്വരപ്പ അടക്കമുള്ള മുതിര്‍ന്ന ചില നേതാക്കളെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ബിജെപി തീരുമാനിച്ചിരുന്നു. സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുകയാണെന്ന് ഈശ്വരപ്പ പ്രഖ്യാപിക്കുകയും ചെയ്തു.

ഈശ്വരപ്പയ്ക്ക് സീറ്റുനല്‍കാത്തതില്‍ പ്രതിഷേധിച്ച് ഒട്ടേറെ അനുയായികള്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചിരുന്നു. ഇതില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗങ്ങളും ഉള്‍പ്പെടും. കാര്യങ്ങള്‍ ഇത്രയും ആയതോടെ ഈശ്വരപ്പ ശിവമോഗയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നുവരെ അഭ്യൂഹങ്ങളുയര്‍ന്നു. എന്നാല്‍ മകന്‍ കാന്തേഷിനെ മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. എന്നാല്‍ ബുധനാഴ്ച ബിജെപി പുറത്തുവിട്ട അന്തിമ പട്ടികയില്‍ ഈശ്വരപ്പയുടെ മകന് സീറ്റില്ലായിരുന്നു.

മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ അടക്കമുള്ള പല മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി വിട്ടത് ബിജെപിക്ക് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതിനിടയില്‍ ഈശ്വരപ്പ കൂടി വിമതനായി മാറുന്നത് കടുത്ത ക്ഷീണമാകുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ അനുയയിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week