തിരുവനന്തപുരം: രാവിലെ മുതൽ ഉച്ചവരെ കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനുമൊപ്പമായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ടോടെ കോവളത്തെത്തി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും ശേഷം രാത്രിയോടെ തലസ്ഥാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെയും വരവേറ്റു. ഒരു ദിവസം രാജ്യത്തെ മൂന്ന് പ്രമുഖരായ ഭരണാധികാരികളെ സ്വന്തം നാട്ടിൽ സ്വീകരിക്കാൻ ഒരു മുഖ്യമന്ത്രിക്ക് സാധിക്കുക അപൂർവ്വമായിട്ടാകും.
സത്യപ്രതിജ്ഞാ ദിനത്തിലോ, സവിശേഷ പരിപാടികൾക്കിടയിലോ അങ്ങനെ ഉണ്ടായേക്കാമെങ്കിലും വ്യത്യസ്ത പരിപാടികളിലായി വ്യത്യസ്ത സ്ഥലങ്ങളിലായി അത്യപൂർവ്വമായിട്ടാകും ഇങ്ങനെ സംഭവിക്കുക. അങ്ങനെയൊരു അപൂർവ്വ ദിനമാകും മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചടുത്തോളം കടന്നുപോകുന്നത്.
ഇന്നലെ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം രാവിലെ കൊച്ചിയിൽ ഐ എൻ എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കൽ ചടങ്ങിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. രണ്ട് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രിയെ സ്നേഹത്തോടെ കൈകൊടുത്ത് മുഖ്യമന്ത്രി മടക്കി അയക്കുകയും ചെയ്തു. ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനിയായ ഐ എൻ എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുണ്ടായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, ഡി ജി പി അനില്‍ കാന്ത് എന്നിവർ ചേർന്നാണ് കൊച്ചി വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ യാത്രയാക്കിയത്. കൈകൂപ്പി യാത്രപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൈകള്‍ പ്രധാനമന്ത്രി മോദി ചേര്‍ത്തുപിടിച്ചു. ഇരുവരുടെയും ചിത്രങ്ങള്‍ വൈറലാകുകയും ചെയ്തു.
ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഏറെ സ്നേഹത്തോടെയാണ് മുഖ്യമന്ത്രി പിണറായി സ്വീകരിച്ചത്. നേരത്തെ തന്നെ വലിയ സൗഹൃദമുള്ള സ്റ്റാലിനുമായി പിണറായി വിജയൻ ഏറെനേരം കൂടിക്കാഴ്ചയും നടത്തി. കോവളം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. യോജിച്ച് പോകാനാവുന്ന വിഷയങ്ങളിൽ കേരളവും തമിഴ്നാടും ഒന്നിച്ച് പോകാൻ ഇരു മുഖ്യമന്ത്രിമാരും ധാരണയായി. അന്തർ സംസ്ഥാന നദീജല കരാറുകൾ, മുല്ലപ്പെരിയാർ എന്നീ വിഷയങ്ങളില്‍ വിശദമായ ചർച്ച പിന്നീട് നടത്തും.
ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിനത്തിൽ പങ്കെടുക്കാൻ തന്നെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എത്തിയത്. കോവളം ലീല റാവിസ് ഹോട്ടലിലെത്തിയാണ് അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. ശനിയാഴ്ച രാവിലെ 10.30ക്ക് കോവളം ലീലാ റാവിസിൽ നടക്കുന്ന ദക്ഷിണേന്ത്യൻ സോണൽ യോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുക്കുക. വൈകുന്നേരം കഴക്കൂട്ടം അൽ-സാജ് കണ്‍വെൻഷൻ സെൻററിൽ പട്ടിക ജാതി മോർച്ച സംഘടിപ്പിക്കുന്ന പട്ടിക ജാതി സംഗമവും അമിത് ഷാ ഉദ്ഘാടനം ചെയ്യും.
ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളം കളി ഉദ്ഘാടനം ചെയ്യാൻ സംസ്ഥാന സർക്കാർ ക്ഷണിച്ചുവെങ്കിലും അമിത് ഷാ പങ്കെടുക്കില്ല. നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു. സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ടെന്നായിരുന്നു സർക്കാരിന്‍റെ മറുപടി. അമിത് ഷായെ മാത്രമല്ല ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരെയെല്ലാം ക്ഷണിച്ചിരുന്നു എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.