ന്യൂഡല്‍ഹി: കൃത്യസമയത്ത് ഓഫീസില്‍ എത്തണമെന്നും വീട്ടിലിരുന്നുള്ള ജോലി ഒഴിവാക്കണമെന്നും ആദ്യ കാബിനറ്റ് യോഗത്തില്‍ മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിമാര്‍ ഒമ്പതരയ്ക്കുതന്നെ ഓഫീസില്‍ എത്തണം. കാബിനറ്റ് മന്ത്രിമാര്‍ സഹമന്ത്രിമാരുമായി പ്രധാന ഫയലുകള്‍ പങ്കുവയ്ക്കണം. പാര്‍ലമെന്റ് ചേരുന്ന 40 ദിവസത്തേക്ക് രാജ്യത്തിന് പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും മോദി ആവശ്യപ്പെട്ടു.
ആദ്യമായി മന്ത്രിമാരാകുന്നവര്‍ക്ക് മാര്‍ഗദര്‍ശികളായി പ്രവര്‍ത്തിക്കണമെന്ന് മുതിര്‍ന്ന മന്ത്രിമാരോടു മോദി നിര്‍ദേശിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൃത്യസമയത്ത് ഓഫീസില്‍ എത്തിയതുകൊണ്ടു ദിവസേന ചെയ്ത് തീര്‍ക്കേണ്ട ജോലികളുടെ രൂപരേഖ തയാറാക്കാന്‍ തനിക്കു കഴിഞ്ഞെന്നും മോദി പറഞ്ഞു. കൂടാതെ അഞ്ചു വര്‍ഷത്തേക്കുള്ള അജന്‍ഡ തയാറാക്കാനും മന്ത്രാലയങ്ങളോട് മോദി ആവശ്യപ്പെട്ടു.