FootballNewsSports

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് കണ്ണുനീര്‍, ഷൂട്ടൗട്ടിൽ മിസോറമിനോട് തോൽവി;സെമി കാണാതെ പുറത്ത്

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷൂട്ടൗട്ടില്‍ മിസോറമാണ് കേരളത്തെ പരാജയപ്പെടുത്തിയത്. നിശ്ചിതസമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. പെനാല്‍റ്റി ഷൂട്ടൗട്ടിലും തുല്യതപാലിച്ചതോടെ മത്സരം സഡന്‍ഡത്തിലേക്ക് കടന്നു.

സഡന്‍ഡത്തില്‍ കേരളതാരം സുജിത് പെനാല്‍റ്റി നഷ്ടപ്പെടുത്തി. ഇതോടെ ഷൂട്ടൗട്ടില്‍ 7-6 ന് വിജയിച്ച് മിസോറം സെമിയിലേക്ക് മുന്നേറി. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മിസോറമിനെ 120-മിനിറ്റും വലകുലുക്കാന്‍ അനുവദിച്ചില്ലെങ്കിലും സതീവന്‍ ബാലനും സംഘത്തിനും ഷൂട്ടൗട്ടില്‍ കാലിടറി.

യുപിയയിലെ ഗോള്‍ഡന്‍ ജൂബിലി സ്‌റ്റേഡിയത്തില്‍ ആക്രമണ ഫുട്‌ബോള്‍ തന്നെയാണ് ഇരുടീമുകളും പുറത്തെടുത്തത്. ആദ്യ മിനിറ്റുകളില്‍ തന്നെ മുന്നേറ്റങ്ങള്‍ കൊണ്ട് പോരാട്ടം കടുത്തു. നാല് സ്‌ട്രൈക്കര്‍മാരെ കളത്തിലിറക്കിയാണ് മിസോറം തന്ത്രമൊരുക്കിയത്. 4-2-4 ഫോര്‍മേഷനില്‍ മിസോറം ഇറങ്ങിയപ്പോള്‍ 4-4-2 ഫോര്‍മേഷനിലാണ് കേരളം കളിച്ചത്. സര്‍വീസസിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍നിന്ന് ആറ് മാറ്റങ്ങള്‍ വരുത്തിയാണ് കേരളം ക്വാര്‍ട്ടറിനിറങ്ങിയത്.

സെന്റര്‍ ഡിഫന്‍സില്‍ ജി. സഞ്ജുവും അഖില്‍ ജെ. ചന്ദ്രനും ഇറങ്ങിയപ്പോള്‍ നിധിന്‍ മധുവും മുഹമ്മദ് സാലിമും വിങ് ബാക്കുകളായി. സെന്റര്‍ മിഡ്ഫീല്‍ഡില്‍ അര്‍ജുനൊപ്പം ഗിഫ്റ്റി ഗ്രേഷ്യസ് തന്നെയിറങ്ങി. അബ്ദു റഹീമും മുഹമ്മദ് സഫ്‌നീദുമായിരുന്നു വിങ്ങര്‍മാര്‍. സ്ട്രൈക്കര്‍ ഇ. സജീഷ് സസ്‌പെന്‍ഷനിലായതിനാല്‍ മുന്നേറ്റനിരയില്‍ മുഹമ്മദ് ആഷിഖിനൊപ്പം നരേഷ് ഇറങ്ങി. മുഹമ്മദ് അസ്ഹറായിരുന്നു ഗോള്‍കീപ്പര്‍. മാറ്റങ്ങള്‍ക്ക് പക്ഷേ മൈതാനത്ത് ചലനം സൃഷ്ടിക്കാനായില്ല. അവസരങ്ങളുണ്ടാക്കിയെങ്കിലും ഗോള്‍വലകുലുക്കാന്‍ സാധിച്ചില്ല.

പ്രതിരോധത്തിനും മുന്നേറ്റത്തിനുമിടയില്‍ കണ്ണിപൊട്ടാതെയുള്ള ഗിഫ്റ്റിയുടെ പ്രകടനമാണ് ആദ്യ പകുതിയില്‍ കേരളം സൃഷ്ടിച്ച അവസരങ്ങള്‍ക്കു പിന്നിലെ ചാലകശക്തിയായത്. മധ്യനിരയില്‍ കയറിയും ഇറങ്ങിയും കളിച്ച ഗിഫ്റ്റി മുന്നേറ്റനിരയ്ക്ക് തുടര്‍ച്ചയായി പന്തെത്തിച്ചുനല്‍കി. 22-ാം മിനിറ്റില്‍ ഗിഫ്റ്റി നല്‍കിയ മികച്ചൊരു ത്രൂ പാസ് മുതലാക്കാന്‍ ആഷിഖിനും നരേഷിനും സാധിക്കാതെപോയി. ഇതോടൊപ്പം, വിങ്ങിലൂടെയുള്ള റഹീമിന്റെ അതിവേഗ മുന്നേറ്റങ്ങളും മിസോറം പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു. ആദ്യപകുതി ഗോള്‍ രഹിതമായാണ് അവസാനിച്ചത്.

രണ്ടാം പകുതിയിലും സമാനമായിരുന്നു സ്ഥിതി. കുറിയ പാസുകളിലൂടേയും പന്തടക്കത്തിലൂടേയും എതിരാളികള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്ന പതിവുതന്ത്രം തന്നെയാണ് മിസോറം പുറത്തെടുത്തത്. എന്നാല്‍, ബോക്‌സിനുള്ളിലേക്ക് നീട്ടിനല്‍കുന്ന ത്രൂ ബോളുകളെ കേരളം വിദഗ്ധമായി പ്രതിരോധിച്ചു. കിട്ടിയ അവസരങ്ങളില്‍ വിങ്ങുകളിലൂടെ മുന്നേറ്റവും നടത്തി. പകരക്കാരനായി നിജോയെ കളത്തിലിറക്കിയെങ്കിലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 87-ാം മിനിറ്റില്‍ കോച്ച് പിന്‍വലിക്കുകയും ചെയ്തു.

രണ്ടാം പകുതിയും ഗോള്‍ കണ്ടെത്താനാകാതെ വന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. 96-ാം മിനിറ്റില്‍ മിസോറം വലയില്‍ പന്തെത്തിച്ചെങ്കിലും അതിന് മുമ്പ് മിസോറം താരം ഹാന്‍ഡ്‌ബോളായതിനാല്‍ ഗോള്‍ അനുവദിച്ചില്ല. എക്‌സ്ട്രാ ടൈമിലും ഇതേ നില തുടര്‍ന്നതോടെ വിജയികളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് വേണ്ടിവന്നു. ഷൂട്ടൗട്ടില്‍ കേരളത്തെ പരാജയപ്പെടുത്തി മിസോറം സെമി ടിക്കറ്റെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker