കൊവിഡ് വാര്‍ഡില്‍ നിന്ന് കാണാതായ ജവാന്‍ ശൗചാലയത്തില്‍ മരിച്ച നിലയില്‍
ഭോപ്പാല്‍: ഭോപ്പാലില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ കൊവിഡ് ഐസലേഷന്‍ വാര്‍ഡില്‍ നിന്നു കാണാതായ ഹോം ഗാര്‍ഡ് ജവാനെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാണാതായി രണ്ട് ദിവസത്തിനു ശേഷമാണ് മരിച്ചനിലയില്‍ കണ്ടെത്തുന്നത്.
ഭോപ്പാലിലെ ജെപി ആശുപത്രിയിലായിരുന്നു സംഭവം. പുഷ്പരാജ് സിംഗ് എന്ന ജവാനാണ് മരിച്ചത്. ഇദ്ദേഹം പോലീസ് ആശുപത്രിയില്‍ മാര്‍ച്ച് 17 ന് രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഞായറാഴ്ച വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് പുഷ്പരാജിനെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു.
തിങ്കളാഴ്ച മുതലാണ് മകനെ കാണാതായതെന്ന് പുഷ്പരാജിന്റെ പിതാവ് പറയുന്നു. എന്നാല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും അവനെ അന്വേഷിച്ചില്ല. പകരം, അവന്‍ ഓടിപ്പോയിയെന്ന് അവര്‍ പറഞ്ഞു. പുഷ്പരാജിനെ പ്രവേശിപ്പിച്ച വാര്‍ഡ് ഒഴികെ ആശുപത്രിയുടെ എല്ലാ ഭാഗങ്ങളുടെയും ദൃശ്യങ്ങള്‍ അവര്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്നു.
കൊവിഡ് വാര്‍ഡിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ചൊവ്വാഴ്ച അറിയാന്‍ കഴിഞ്ഞതെന്ന് പുഷ്പരാജിന്റെ പിതാവ് പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ രണ്ട് നഴ്‌സുമാരെ സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് ഡോക്ടര്‍മാരുടെ കമ്മിറ്റിയെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്.