26.1 C
Kottayam
Wednesday, May 22, 2024

രണ്ടു വര്‍ഷം മുമ്പ് റാന്നിയില്‍ നിന്ന് കാണാതായ ജസ്‌നയെ ക്രൈംബ്രാഞ്ച് കണ്ടെത്തിയതായി സൂചന

Must read

പത്തനംതിട്ട: റാന്നിയില്‍ നിന്നു രണ്ടുവര്‍ഷം മുമ്പ് കാണാതായ കോളേജ് വിദ്യാര്‍ഥിനിയും വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകളുമായ ജസ്ന മരിയ ജെയിംസി(20)നെ കണ്ടെത്തിയതായി സൂചന. 2018 മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതായത്.

ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അയല്‍ സംസ്ഥാനത്ത് നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ജസ്നയെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജസ്നയെ കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോവുന്നതിനായി എരുമേലിവരെ എത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പിന്നീട് ജസ്ന എവിടേക്ക് പോയി എന്നതിനെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചില്ല. മരിക്കാന്‍ പോകുന്നുവെന്നായിരുന്നു ജസ്നയുടെ മൊബൈലില്‍ നിന്നുള്ള അവസാന സന്ദേശം. ജസ്നയുടെ ആണ്‍സുഹൃത്തിനെതിരേയും പിതാവിനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു.

ജസ്നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച്ലക്ഷം രൂപ ഡിജിപി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം വെച്ചൂച്ചിറ പോലീസാണ് കേസന്വേഷിച്ചത്. പിന്നീട് പെരുനാട് സിഐ, തിരുവല്ല ഡിവൈഎസ്പി എന്നിവരും ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘവും കേസ് അന്വേഷിച്ചു. ഒരു വര്‍ഷം മുമ്പാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week