മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി
മലപ്പുറം: നിലമ്പൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്. കുട്ടികളിപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലാണ്.
ഇന്നലെ വൈകുന്നേരമാണ് എരഞ്ഞി മങ്ങാട് ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഷഹീന്‍, അജിന്‍ഷാദ് എന്നിവരെ കാണാതാകുന്നത്.
ചാലിയാര്‍ പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടി വലിയാട് ബാബു ഷെരീഫ്-സുബൈദ ദമ്പതികളുടെ മകനാണ് ഷഹീന്‍. പാറേക്കാട് കിണറ്റിങ്ങല്‍ ജമാല്‍ -മറിയുമ്മ ദമ്പതികളുടെ മകനാണ് അജിന്‍ഷാദ്. കുട്ടികള്‍ സ്‌കൂള്‍ വിട്ട് വരുന്ന സമയം കഴിഞ്ഞിട്ടും വരാതായതോടെയാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പീന്നീട് ഫോണ്‍ നമ്പര്‍ സഹിതം നവ മാധ്യമങ്ങള്‍ വഴിയും വാര്‍ത്ത പ്രചരിച്ചു.
രാവിലെ തമ്പാനൂരില്‍ നിന്നു ഒരു സ്ത്രീ രക്ഷിതാവിന്റെ നമ്പറിലേക്ക് വിളിച്ച് കുട്ടികളെ കണ്ടതായി സംശയം പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടത്തിയത്.