KeralaNews

‘മിന്നല്‍ മുരളി’യുടെ സെറ്റ് തകര്‍ത്ത സംഭവം മുഖ്യ ആസൂത്രകന്‍ പിടിയില്‍

കൊച്ചി: ടൊവിനൊ ചിത്രം ‘മിന്നല്‍ മുരളി’യ്ക്കായി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച സിനിമ സെറ്റ് തകര്‍ത്ത സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ പോലീസ് പിടിയില്‍. കേസിലെ രണ്ടാം പ്രതിയായ കാലടി സ്വദേശി കൃഷ്ണദാസാണ് പിടിയിലായത്. പെരുമ്പാവൂരില്‍നിന്നാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത കേസില്‍ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തിയേക്കും. മതസ്പര്‍ധ സൃഷ്ടിക്കാനുള്ള ശ്രമം, എപ്പിഡമീസ് ഡിസീസ് ഓര്‍ഡിനന്‍സ്, സ്വത്ത് നശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ രാഷ്ട്രീയ ബജ്റംഗ് ദള്‍ള് ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂരിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അങ്കമാലിയില്‍ നിന്നായിരുന്നു രതീഷിനെ പിടികൂടിയത്.കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിര്‍മാണത്തിലിരുന്ന സെറ്റാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു.

പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കാലടി ശിവരാത്രി ആഘോഷ സമിതിയുടെയും സിനിമ സംഘടനകളുടെയും പരാതികളുടെ അടിസ്ഥാനത്തില്‍ ആണ് സെറ്റ് തകര്‍ത്ത സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. സെറ്റ് തകര്‍ക്കപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് സിനിമാരംഗത്തു നിന്നും നിരവധി പേര്‍ രംഗത്തു വന്നിരുന്നു.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചും സംസ്ഥാന കൃഷി വകുപ്പിന്റെയും കാലടി ഗ്രാമ പഞ്ചായത്തിന്റെയും ക്ഷേത്ര ഭരണ സമിതിയുടെയും അനുവാദം വാങ്ങിയും ക്ഷേത്ര ഭരണസമിതിക്ക് വാടക നല്‍കിയുമാണ് ഈ സ്ഥലത്ത് സെറ്റ് നിര്‍മ്മിച്ചതെന്ന് ചലച്ചിത്ര തൊഴിലാളികളുടെ ട്രേഡ് യൂണിയനായ ഫെഫ്ക വ്യക്തമാക്കിയിരുന്നു.

‘ഗോദ’ക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും കൈകോര്‍ക്കുന്ന ചിത്രമാണ് ‘മിന്നല്‍ മുരളി’. ടൊവിനോ തോമസ് സൂപ്പര്‍ഹീറോ ആകുന്ന ചിത്രത്തിന്റെ നിര്‍മാണം ‘ബാംഗ്ലൂര്‍ ഡേയ്‌സ്’, ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘പടയോട്ടം’ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

‘ജിഗര്‍ത്തണ്ട’, ‘ജോക്കര്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സമീര്‍ താഹിര്‍ ക്യാമറയും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത് ‘ബാറ്റ്മാന്‍’, ‘ബാഹുബലി’, ‘സുല്‍ത്താന്‍’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ലാഡ് റിംബര്‍ഗാണ്.

മനു ജഗത് കലയും അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ രചനയും നിര്‍വഹിക്കുന്നു. വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പര്‍വൈസ് ചെയ്യുന്നത് ആന്‍ഡ്രൂ ഡിക്രൂസാണ്. ഓണം റിലീസായി തീയറ്ററുകളില്‍ എത്തിക്കാനായി ധൃതിപിടിച്ച് ചിത്രീകരണജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കെ, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button