EntertainmentKeralaNews

സെറ്റ് ഇട്ടത് ക്ഷേത്ര കമ്മിറ്റിയുടെ അനുമതിയോടെയെന്ന് നിര്‍മാതാവ് സോഫിയ പോള്‍; ഇങ്ങനെ സംഭവിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ലെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്

കാലടി മണപ്പുറത്ത് സെറ്റ് ഇട്ടത് ക്ഷേത്ര കമ്മിറ്റിയുടെ അനുമതിയോടെയെന്ന് മിന്നല്‍ മുരളിയുടെ നിര്‍മാതാവ് സോഫിയ പോള്‍. സെറ്റ് പൊളിച്ചത് നിര്‍ഭാഗ്യകരമാണെന്നും ലക്ഷങ്ങളുടെ നഷ്ടമാണ് തങ്ങള്‍ക്കുണ്ടായതെന്നും സോഫിയ പോള്‍ പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സോഫി പ്രതികരിച്ചു.

ഇന്നലെ വൈകീട്ടോടെയാണ് മതവികാരം വ്രണപ്പെടുന്നുവെന്ന് ആരോപിച്ച് മിന്നല്‍ മുരളിയടെ സെറ്റ് രാഷ്ട്രീയ ബജ്റംഗ്ദള്‍ പൊളിച്ചുകളയുന്നത്. ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി സിനിമാ സെറ്റാണ് ബജ്റംഗ്ദള്‍ പൊളിച്ചത്. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകര്‍ത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നില്‍ ആണെന്നാണ് ഇവരുടെ ആരോപണം. എഎച്ച്പി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

ഹരി പാലോടിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍, ഇത്തരത്തില്‍ ഒന്ന് കെട്ടിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്. പരാതികള്‍ നല്‍കിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാന്‍ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കും, മാതൃകയായി പ്രവര്‍ത്തകര്‍ക്ക് ഒപ്പം നേതൃത്വം നല്‍കിയ രാഷ്ട്രീയ ബജ്‌റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിനും അഭിനന്ദനങ്ങള്‍. മഹാദേവന്‍ അനുഗ്രഹിക്കട്ടെ.
ഹരി പാലോട്
ജനറല്‍ സെക്രട്ടറി
AHPകേരളം
94 00 86 00 04

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സോഫിയ പോള്‍ ആണ് നിര്‍മ്മിക്കുന്നത്. ക്യാമറ സമീര്‍ താഹിറും സംഗീത സംവിധാനം ഷാന്‍ റഹ്മാനും നിര്‍വഹിക്കുന്നു. ജസ്റ്റിന്‍ മാത്യു, അരുണ്‍ അരവിന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

സ്‌നേഹ ബാബു, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു സന്തോഷ് തുടങ്ങിയവരും ടൊവിനോയോടൊപ്പം ചിത്രത്തില്‍ വേഷമിടും.

അതേസമയം സംഭവത്തില്‍ പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകനും നടനുമായ ബേസില്‍ ജോസഫും രംഗത്ത് വന്നിട്ടുണ്ട്. ചിലര്‍ക്ക് ഇത് ട്രോളോ, രാഷ്ട്രീയമോ ആകാമെന്നും തങ്ങളുടെ രണ്ട് വര്‍ഷത്തെ സ്വപ്നമാണ് തകര്‍ന്നതെന്നും ബേസില്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ലോക്ക് ഡൗണ്‍ ആയതുകൊണ്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയിരുന്നു. ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന ധാരണയുണ്ടായിരുന്നു. സിനിമയ്ക്ക് വേണ്ടി ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. ആര്‍ട്ട് ഡയറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെര്‍മിഷനുകളും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്ത് ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ലെന്നും ബേസില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്താ പറയേണ്ടത് എന്നറിയില്ല. ചിലര്‍ക്കിത് തമാശയാവാം,ട്രോള് ആവാം, പബ്ലിസിറ്റി ആവാം,രാഷ്ട്രീയം ആവാം,പക്ഷെ ഞങ്ങള്‍ക്ക് ഇതൊരു സ്വപ്നം ആയിരുന്നു.കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോള്‍ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോര്‍ത്തു അഭിമാനവും,ഷൂട്ടിങ്ങിനു തൊട്ടു മുന്‍പ് ലോക്ക്‌ഡൌണ്‍ സംഭവിച്ചതിനാല്‍ ”ഇനി എന്ന്” എന്നോര്‍ത്തു കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു. ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വര്‍ഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാന്‍ തുടങ്ങിയിട്ട്. ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആര്‍ട് ഡിറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെര്മിഷനുകളും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു , എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്തു , ഒരുമിച്ചു നില്‍ക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ല,പ്രത്യേകിച്ച് നമ്മുടെ കേരളത്തില്‍. നല്ല വിഷമമുണ്ട്. ആശങ്കയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker