ലോക്ക്ഡൗണില്‍ വനമേഖലയില്‍ കാണാതായ ഇതരസംസ്ഥാന തൊഴിലാളിയുടെ അസ്ഥികൂടം കണ്ടെത്തി
കണ്ണൂര്‍: കൂട്ടുപുഴയ്ക്കടുത്ത് പുഴയില്‍ കണ്ടെത്തിയ അസ്ഥികൂടം ഒഡീഷ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളിയുടേതെന്ന് തിരിച്ചറിഞ്ഞു. നാല് മാസം മുന്‍പ് കാണാതായ ഫെഡ്രിക് ബാര്‍ലയാണ് മരിച്ചത്. ലോക് ഡൗണിനിടെ കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വന്ന ഇയാളെ വനമേഖലയില്‍ കാണാതായിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മുപ്പത്തിയൊന്‍പതുകാരനായ ഫെഡ്രിക് ബാര്‍ലെയെ മാക്കൂട്ടം വനമേഖലയില്‍ കാണാതായത്. 51 അംഗ തൊഴിലാളി സംഘം ബസില്‍ കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരുമ്പോഴായിരുന്നു സംഭവം. വഴിയില്‍ ബസ് നിര്‍ത്തിയിരുന്നു. ഇതിന് ശേഷം ഇയാളെ കാണാതായി എന്നാണ് തൊഴിലാളികള്‍ കര്‍ണ്ണാടക പോലീസില്‍ പരാതി നല്‍കിയത്. കേരള അതിര്‍ത്തിയില്‍ പരിശോധന നടത്തുന്ന പോലീസിലും വിവരമറിയിച്ചിരുന്നു. പോലീസും മറ്റും അന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിര്‍ത്തിയിലെ ബാരാപോള്‍ പുഴയില്‍ ശക്തമായ നീരൊഴുക്കുമുണ്ടായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് ഇരിട്ടി കുന്നോത്ത് എന്ന സ്ഥലത്ത് പുഴയില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. പുഴയുടെ മധ്യഭാഗത്തുള്ള ചെറു ദ്വീപിലാണ് അസ്ഥികൂടം ഉണ്ടായിരുന്നത്. തൊട്ടടുത്ത് നിന്ന് ലഭിച്ച പാന്റിന്റെ പോക്കറ്റില്‍ തിരിച്ചറിയല്‍ രേഖയുമുണ്ടായിരുന്നു.
ഒഡീഷ സുന്ദര്‍ഘര്‍ ജില്ല സ്വദേശിയാണ് ഫെഡ്രിക് ബാര്‍ല. ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ ഇയാളുടെ വസ്ത്രങ്ങളും മറ്റും തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ബന്ധുക്കള്‍ ഒഡീഷയില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.