ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് സൃഷ്ടിച്ച ഒരു വെർച്വൽ അസിസ്റ്റൻറ് ആണ് കോർട്ടാനയുടെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചു. നവംബര്‍ 2019ലാണ് വിന്‍ഡോസ് വിട്ട് കോര്‍ട്ടാനയുടെ മൊബൈല്‍ പതിപ്പുകള്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. ഇതാണ് ഒരു വര്‍ഷവും നാലുമാസത്തിനും ശേഷം പൂര്‍ണ്ണമായി നിര്‍ത്തുന്നത്.
മാര്‍ച്ച് 31, 2021 ഓടെ കോര്‍ട്ടാനയില്‍ നിങ്ങള്‍ സൃഷ്ടിച്ച കണ്ടന്‍റുകള്‍ റിമൈന്‍റുകള്‍ ലിസ്റ്റുകള്‍ എന്നിവ മൊബൈല്‍ ആപ്പില്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ ഇവ വിന്‍ഡോസ് ആപ്ലിക്കേഷനില്‍ ലഭ്യമാകും. ഒപ്പം ആവശ്യമാണെങ്കില്‍ കോര്‍ട്ടനയിലെ ലിസ്റ്റുകള്‍ മൈക്രോസോഫ്റ്റിന്‍റെ ടു ഡു ആപ്പില്‍ ലഭ്യമാകും – മൈക്രോസോഫ്റ്റ് പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു.
തിരഞ്ഞെടുത്ത മാര്‍ക്കറ്റുകളില്‍ കോര്‍ട്ടാന ആപ്പിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞ വര്‍ഷം തന്നെ അറിയിച്ചിരുന്നു. ഈ ആപ്പ് പ്രവര്‍ത്തനം അവസാനിക്കുന്ന സ്ഥലങ്ങളില്‍ ഇന്ത്യ, യുകെ, ചൈന, സ്പെയിന്‍, കാനഡ എന്നിവയെല്ലാം ഉള്‍പ്പെടുന്നു.
തങ്ങളുടെ എന്‍റര്‍പ്രൈസ് സ്യൂട്ട് ഉപയോഗിക്കുന്ന ഉപയോക്താക്കളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം ഒരു പിന്‍മാറ്റം എന്നാണ് മൈക്രോസോഫ്റ്റ് നല്‍കുന്ന സൂചന. ഒപ്പം വെര്‍ച്വല്‍ അസിസ്റ്റന്‍റ് എന്ന നിലയില്‍ ആന്‍ഡ്രോയ്ഡില്‍ ഗൂഗിള്‍ അസിസ്റ്റന്‍റിന്‍റെ അപ്രമാഥിത്വം ചോദ്യം ചെയ്യാന്‍ സാധിക്കാതെ കൂടിയാണ് കോർട്ടാനയുടെ പിന്‍മാറ്റം എന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.