കോട്ടയം: എം.ജി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്കുള്ള അപേക്ഷകള്‍ക്ക് വലിയ തുക ഫീസായി ഈടാക്കുന്നതായി പരാതി. കൊവിഡ് മഹാമാരി കാലത്ത് തൊഴില്‍രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേല്‍ വന്‍തുക അപേക്ഷ ഫീസായി ഈടാക്കുന്നതിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. വിഷയവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ പറ്റി പറയുന്നത്.
നിലവില്‍ എം.ജി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നോട്ടിഫിക്കേഷനില്‍ അപേക്ഷഫീസായി 5000 രൂപയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എസ്.സി,എസ്.ടി വിഭാഗത്തിന് 2500 രൂപയാണ് അപേക്ഷ ഫീസായി ഈടാക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്രയും ഭീമമായ തുക സര്‍വകലാശാല അധികൃതര്‍ ഈടാക്കുന്നതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധമുയരുകയാണ്.
ഇന്ത്യയിലെ മറ്റ് പല സര്‍വകലാശാലകളിലും 500- 1000 രൂപ വരെയാണ് അപേക്ഷാഫീസായി ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് എം.ജി യൂണിവേഴ്സിറ്റിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേല്‍ വന്‍തുക അടിച്ചേല്‍പ്പിക്കുന്നത്. അതേസമയം 2019ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി പുറത്തിറക്കിയ നോട്ടിഫിക്കേഷനില്‍ അപേക്ഷ ഫീസ് 2000 രൂപയും 2017-ല്‍ കേരള യൂണിവേഴ്സിറ്റി ഇതേ തസ്തികയിലേക്ക് വിളിച്ചപ്പോള്‍ 1000 രൂപയുമായിരുന്നു.