കോട്ടയം:കോവിഡ് 19 വ്യാപനത്തെത്തുടർന്ന് മഹാത്മാഗാന്ധി സർവകലാശാല സ്ഥിതിചെയ്യുന്ന അതിരമ്പുഴ പഞ്ചായത്തിലെ 10-ാം വാർഡ് കണ്ടെയ്ൻമെന്റ് സോണിലായതോടെ കാമ്പസിൽ സന്ദർശകർക്ക് പൂർണവിലക്ക് ഏർപ്പെടുത്തി. കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കപ്പെടും വരെ സന്ദർശകരെ അനുവദിക്കില്ല. സോൺ തുടരും വരെ ആവശ്യത്തിന് ജീവനക്കാരെ മാത്രം നിയോഗിച്ച് സർവകലാശാല പ്രവർത്തനം നടത്തുമെന്ന് ഉത്തരവിൽ പറയുന്നു.
ഓഫീസിൽ ഹാജരാകാത്ത ജീവനക്കാർ ‘വർക് ഫ്രം ഹോം’ വ്യവസ്ഥയിൽ ഡി.ഡി.എഫ്.എസ്. ഫയൽസംവിധാനത്തിലടക്കം ഓൺലൈനായി ജോലികൾ നിർവഹിക്കണം. അടിയന്തര ജോലികൾക്കായി മേലുദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ സർവകലാശാലയിൽ ഹാജരാകണം. അടിയന്തര ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നത് ഉറപ്പുവരുത്താൻ ബ്രാഞ്ച് ഓഫീസർമാരെ ചുമതലപ്പെടുത്തി. ജോയിന്റ് രജിസ്ട്രാർമാർക്കാണ് മേൽനോട്ട ചുമതല.
സെക്യൂരിറ്റി, പ്ലംബിംഗ്/ഇലക്ട്രിക്കൽ വിഭാഗം, ഹെൽത്ത് സെന്റർ എന്നീ വിഭാഗങ്ങൾ ആവശ്യാനുസരണം ഓഫീസിലെത്തണം. സിറ്റാഡ്/സീടെക്‌സ് വിഭാഗങ്ങളിലെ ജീവനക്കാർ ആവശ്യപ്രകാരം ഹാജരാകണം. ഫോൺ അന്വേഷണങ്ങൾക്കും അടിയന്തര ഫയലുകൾ സ്വീകരിക്കുന്നതിനുമായി ഫ്രണ്ട് ഓഫീസ് പ്രവർത്തിക്കും. കണ്ടെയിൻമെന്റ് സോണിൽനിന്ന് പ്രദേശം ഒഴിവാക്കപ്പെടുന്നതുവരെ മാർഗനിർദേശം നിലനിൽക്കും.