പാരീസ്: ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ഫ്രീകിക്ക് വലയിലെത്തിച്ചുകൊണ്ട് മെസ്സി രക്ഷകനായപ്പോള്‍ പിഎസ്ജി വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. ഫ്രഞ്ച് ലീഗില്‍ ലില്ലെയ്‌ക്കെതിരേയാണ് അവസാനനിമിഷം പിഎസ്ജി അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയത്. മൂന്നിനെതിരേ നാല് ഗോളുകള്‍ക്ക് വിജയിച്ച ഫ്രഞ്ച് വമ്പന്മാര്‍ ലീഗില്‍ തലപ്പത്ത് തുടരുകയാണ്.
തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം വിജയം മോഹിച്ചാണ് ഗാള്‍ട്ടിയറും സംഘവും സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങിയത്. സൂപ്പര്‍താരങ്ങളായ നെയ്മറും മെസ്സിയും എംബാപ്പെയും ആദ്യ ഇലവനിലിടം കണ്ടെത്തിയ മത്സരത്തില്‍ തുടക്കത്തില്‍ തന്നെ പിഎസ്ജി ആക്രമണങ്ങളിച്ചുവിട്ടു. 11-ാം മിനിറ്റില്‍ തന്നെ എംബാപ്പെയിലൂടെ പിഎസ്ജി ലീഡെടുത്തു. ഇടതുവിങ്ങിലൂടെ മുന്നേറിയ എംബാപ്പെ പ്രതിരോധതാരങ്ങളെയെല്ലാം മറികടന്ന് പന്ത് വലയിലെത്തിച്ചു.
മിനിറ്റുകള്‍ക്കകം നെയ്മര്‍ പിഎസ്ജിയുടെ രണ്ടാം ഗോളും നേടി. മുന്നേറ്റങ്ങള്‍ക്കൊടുക്കം നെയ്മര്‍ പെനാല്‍റ്റി ബോക്‌സിലേക്ക് ല്‍കിയ പന്ത് കൈപ്പിടിയിലൊതുക്കാനുള്ള ലില്ലെ ഗോള്‍കീപ്പര്‍ ലുകാസ് ഷെവാലിയറിന്റെ ശ്രമം വിഫലമായി. വിറ്റിന്ന തിരിച്ചുനല്‍കിയ പന്ത് നെയ്മര്‍ അനായാസം വലയിലാക്കി. എന്നാല്‍ 24-ാം മിനിറ്റില്‍ ലില്ലെ തിരിച്ചടിച്ചു. ബഫോഡെ ഡയാകിറ്റെ മികച്ചൊരു ഹെഡറിലൂടെയാണ് ഗോള്‍ നേടിയത്. ആദ്യ പകുതി 2-1 നാണ് അവസാനിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ നെയ്മര്‍ പരിക്കേറ്റ് പുറത്തുപോയത് പിഎസ്ജിക്ക് കനത്ത തിരിച്ചടിയായി. പിന്നാലെ 58-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജൊനാതന്‍ ഡേവിഡ് സമനില ഗോള്‍ നേടി. 69-ാം മിനിറ്റില്‍ പിഎസ്ജിയെ ഞെട്ടിച്ചുകൊണ്ട് ലില്ലെ ലീഡെടുത്തു. ജൊനാതന്‍ ബാംബയാണ് വലകുലുക്കിയത്.
തിരിച്ചടിക്കാനുള്ള പിഎസ്ജിയുടെ ശ്രമങ്ങളെല്ലാം പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നതോടെ പിഎസ്ജി പരാജയം മണത്തു. എന്നാല്‍ പിഎസ്ജിയുടെ തിരിച്ചുവരവിനാണ് പാര്‍ക് ഡെസ് പ്രിന്‍സ് സ്റ്റേഡിയം സാക്ഷിയായത്. 87-ാം മിനിറ്റില്‍ ഇടതുവിങ്ങില്‍ നിന്ന് യുവാന്‍ ബെര്‍നാറ്റ് നല്‍കിയ ക്രോസ്സില്‍ നിന്ന് എംബാപ്പെ സമനിലഗോള്‍ നേടി.
പിന്നാലെ ഇഞ്ചുറിടൈമിന്റെ അഞ്ചാം മിനിറ്റില്‍ പിഎസ്ജിക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത മെസ്സിക്ക് പിഴച്ചില്ല. പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ കടന്നുപോയ പന്ത് പോസ്റ്റില്‍ തട്ടി വലയിലെത്തി. ഗാലറിയൊന്നടങ്കം പൊട്ടിത്തെറിച്ചു. മെസ്സി രക്ഷകനായി അവതരിച്ചപ്പോള്‍ ലീഗില്‍ കിരീടപ്പോരാട്ടത്തില്‍ മുന്നിലെത്താനും പിഎസ്ജിക്കായി. 24-മത്സരങ്ങളില്‍ നിന്ന് 57 പോയന്റാണ് പിഎസ്ജിയുടെ സമ്പാദ്യം.
This is crimina! from Messi. Wow pic.twitter.com/JlZ7iuqatW
— POOJA!!! (@PoojaMedia) February 19, 2023