FeaturedFootballHome-bannerNewsSports

മെസിക്ക് ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്ക്കാരം; വഴിമാറിയ ചരിത്രം

ദോഹ: ലോകകപ്പിലെ മികച്ച കളിക്കാരന് കിരീടം ലഭിക്കാത്ത ചരിത്രം സാക്ഷാൽ മെസിക്ക് മുന്നിൽ വഴിമാറി. 1998 മുതൽ ലോകകപ്പിൽ കണ്ടുവരുന്ന പതിവാണ് ഇത്തവ മെസി മാറ്റിയെഴുതിയത്. ഈ ലോകകപ്പിൽ 7 ഗോളുകളും നാല് അസിസ്റ്റുകളും നടത്തിയാണ് മെസി ഏറ്റവും മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത്. 2014ൽ ബ്രസീലിൽ നടന്ന ലോകകപ്പിൽ അർജന്‍റീന ഫൈനലിൽ ജർമ്മനിയോട് തോറ്റെങ്കിലും ഗോൾഡൻ ബോൾ പുരസ്ക്കാരം മെസിക്കായിരുന്നു.

ഫൈനൽ പോരാട്ടത്തിന് പന്തുരുളുന്നതിന് മുമ്പ് തന്നെ ഫുട്ബോൾ ആരാധകർ കാത്തിരുന്ന ചോദ്യമായിരുന്നു, ഇത്തവണയെങ്കിലും ഗോൾഡൻ ബോൾ പുരസ്ക്കാരജേതാവിന് ഫിഫ ലോകകപ്പ് ലഭിക്കുമോയെന്നത്. 1998 മുതലുള്ള ലോകകപ്പ് ചരിത്രം പരിശോധിച്ചാൽ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്ക്കാരം നേടുന്ന ടീമിന് കിരീടം കിട്ടാക്കനിയാണ്. ആ ചരിത്രം തിരുത്തിയെഴുതാൻ മെസിക്കോ എംബാപ്പെയ്ക്കോ കഴിയുമോയെന്നാണ് ഏവരും ഉറ്റുനോക്കിയത്. ഒടുവിൽ ആ നിയോഗം ലഭിച്ചതാകട്ടെ ഫുട്ബോളിന്‍റെ മിശിഹായ്ക്കും. ഇത്തവണ ടൂർണമെന് ഗോൾഡൻ ബോൾ പുരസ്ക്കാരത്തിനായി മെസിയും എംബാപ്പെയും അന്‍റോയിൻ ഗ്രീസ്മാനുമാണ് മുന്നിലുണ്ടായിരുന്നത്.

1998ൽ ഫ്രാന്‍സാണ് കിരീടം നേടിയത്. അന്ന് കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത സിദാനാണ് ഫ്രാൻസിനെ ലോകകിരീടത്തിലേക്ക് നയിച്ചത്. സിദാൻ ഗോൾഡൻ ബോൾ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഫൈനലിൽ തോറ്റ ബ്രസീൽ ഫോർവേഡ് റൊണാൾഡോയ്ക്കായിരുന്നു ഗോൾഡൻ ബോൾ ലഭിച്ചത്.

ജപ്പാനിലും ദക്ഷിണകൊറിയയിലുമായി നടന്ന 2002 ലോകകപ്പ് ഫൈനലില്‍ കിരീടം നേടിയത് ബ്രസീൽ. അന്ന് ഇരട്ട ഗോളോടെ റൊണാള്‍ഡോ തിളങ്ങിയെങ്കിലും ഫൈനലിൽ തോറ്റ ജർമ്മനിയുടെ ഗോൾവലയം കാത്ത ഒലിവര്‍ ഖാനായിരുന്നു ടൂര്‍ണമെന്റിലെ താരമായത്. 2006ല്‍ മാര്‍കോ മറ്റെരാസിയുടെ നെഞ്ചിലിടിച്ചുവീഴ്ത്തി ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ സിദാൻ ഗോൾഡൻ ബോൾ നേടി. എന്നാൽ സിദാന്‍റെ ടീം ജർമ്മനിയോട് തോറ്റ് ലോകകപ്പിൽ റണ്ണേഴ്സ് അപ്പായി .

2010ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പില്‍ നാലാമതായി ഫിനിഷ് ചെയ്ത ഉറുഗ്വായുടെ ഇതിഹാസതാരം ഡീഗോ ഫോർലാനാണ് ഗോൾഡൻ ബോൾ നേടിയത്. 2014ല്‍ ലോകകപ്പ് കിരീടത്തിന് തൊട്ടരികെ കാലിടറിവീണ് വേദനയോടെ മടങ്ങുമ്പോൾ മെസിയ്ക്കായിരുന്നു ഗോൾഡൻ ബോൾ പുരസ്ക്കാരം. 2018ൽ റഷ്യയില്‍ ഫ്രാന്‍സിനോട് തോറ്റ് ക്രൊയേഷ്യ റണ്ണേഴ്സ് അപ്പായപ്പോൾ ലൂകാ മോഡ്രിച്ചിനായിരുന്നു ഗോൾഡൻ ബോൾ പുരസ്ക്കാരം. 2022ൽ മെസി ഗോൾഡൻ ബോൾ പുരസ്ക്കാരം, ഫിഫ ലോകകപ്പിനൊപ്പം സ്വന്തമാക്കി ചരിത്രം തിരുത്തിയെഴുതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button