FootballNewsSports

മെസിക്ക് ബാഴ്‌സലോണയില്‍ കളിയ്ക്കാം;ഉപാധിവെച്ച്‌ ഇന്‍റര്‍ മയാമി ഉടമ

മയാമി: പിഎസ്ജിയിലെ രണ്ടുവര്‍ഷ കരാര്‍ പൂര്‍ത്തിയാക്കിയ മെസി ബാഴ്‌സലോണയിലേക്ക് തിരികെ പോകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സ്പാനിഷ് ക്ലബിലേക്ക് മടങ്ങാന്‍ മെസി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധി മാറ്റമില്ലാതെ തുടര്‍ന്നതോടെ മെസി അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയിലേക്ക് ചേക്കേറി. ആദ്യ രണ്ട് കളിയില്‍ മൂന്ന് ഗോളും ഒരു അസിസ്റ്റും നേടിയ മെസി ഇന്റര്‍ മയാമിയെ വിജയവഴിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.

എന്നാല്‍ ബാഴ്‌സലോണയില്‍ ഒരിക്കല്‍കൂടി കളിച്ച് ക്ലബിനോടും ആരാധകരോടും വിടപറയണമെന്നാണ് മെസിയുടെ ആഗ്രഹം. സാവി, ഇനിയസ്റ്റ, ബുസ്‌കറ്റ്‌സ് തുടങ്ങിയവരെപ്പോലെ കാംപ്‌നൌവിലെ യാത്രയയപ്പ് താന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് മെസി അടുത്തിടെയും പറഞ്ഞിരുന്നു. ഇതോടെ മെസിക്കായി വിടവാങ്ങല്‍ മത്സരം നടത്താനുള്ള ഒരുക്കത്തിലാണ് ബാഴ്‌സലോണ. ഇപ്പോള്‍ സ്പാനിഷ് ക്ലബിന്റെ ഈ ശ്രമത്തിന് പൂര്‍ണ പിന്തുണ അറിയിച്ചിരിക്കുകയാണ് ഇന്റര്‍ മയാമി ഉടമ ജോര്‍ജ് മാസ്.

മെസിക്ക് ഒരിക്കല്‍ക്കൂടി ബാഴ്‌സലോണ ജഴ്‌സിയില്‍ കളിക്കാന്‍ അവസരം നല്‍കുമെന്നാണ് ജോര്‍ജ് മാസ് പറയുന്നു. എന്നാല്‍ മെസിയെ ബാഴ്‌സോലണയ്ക്ക് പൂര്‍ണമായും വിട്ടുനല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ… ”ബാഴ്‌സോലണയും ഇന്റര്‍ മയാമിയും ഏറ്റുമുട്ടുന്ന സൗഹൃദ മത്സരമോ മറ്റൊരു വിടവാങ്ങല്‍ വിടവാങ്ങല്‍ മത്സരമോ ബാഴ്‌സലോണയ്ക്ക് സംഘടിപ്പിക്കാം. ഈ മത്സരത്തില്‍ മെസിയെ ബാഴ്‌സോലണ ജഴ്‌സി അണിയാന്‍ അനുവദിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാംപ് നൌ അടച്ചിട്ടിരിക്കുന്നതിനാല്‍ ഇവിടെ തന്നെ മെസിയുടെ വിടവാങ്ങല്‍ മത്സരം നടത്തണമെങ്കില്‍ ബാഴ്‌സലോണ കാത്തിരിക്കേണ്ടിവരും.” ജോര്‍ജ് മാസ് പറഞ്ഞു. 

ഡിസിംബറില്‍ മേജര്‍ ലീഗ് സോക്കറിന്റെ സീസണ്‍ അവസാനിച്ചാലും മെസിയെ ബാഴ്‌സോലണയ്ക്ക് വായ്പാ അടിസ്ഥാനത്തില്‍ വിട്ടുനല്‍കില്ലെന്നും മെസി ബാഴ്‌സലോണയില്‍ യാത്രയയപ്പ് അര്‍ഹിക്കുന്നതുകൊണ്ടാണ് ഇന്റര്‍ മയാമി ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുന്നതെന്നും മാസ് വ്യക്തമാക്കി. ഓഗസ്റ്റ് ഇരുപത്തിയൊന്നിനാണ് ഇന്റര്‍ മയാമിയില്‍ മെസിയുടെ അടുത്ത മത്സരം.

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതോടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ സൈനിങ്ങിലെ ചില തടസങ്ങള്‍ കാരണം ബ്രൂഗ്രാനക്കൊപ്പം ബൂട്ടുകെട്ടണമെന്ന മെസിയുടെ ആഗ്രഹം സാധ്യമായില്ല. തുടര്‍ന്ന് ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മയാമിയുമായി താരം സൈനിങ് നടത്തി.

മയാമിയുടെ ജേഴ്‌സിയില്‍ മെസിയെ സങ്കല്‍പ്പിക്കാനാകുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ബാഴ്‌സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ട. ഇന്റര്‍ മയാമി ജേഴ്‌സിയില്‍ മെസിയെ കാണുമ്പോള്‍ എന്തോ വിചിത്രത തോന്നുന്നെന്നും എന്നാല്‍ എം.എല്‍.എസ് കളിക്കാനെടുത്ത മെസിയുടെ തീരുമാനത്തെ തങ്ങള്‍ ബഹുമാനിക്കുന്നെന്നും ലപോര്‍ട്ട പറഞ്ഞു. ഇ.എസ്.പി.എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ഇന്റര്‍ മയാമി ജേഴ്‌സിയില്‍ മെസിയെ കാണുമ്പോള്‍ എന്തോ വിചിത്രത തോന്നുന്നു. മെസിയെ കൂടുതലും ബാഴ്‌സലോണ ജേഴ്‌സിയിലാണ് കണ്ടിട്ടുള്ളത്. അവന്റെ ആരാധകര്‍ അവനെ കൂടുതലും അങ്ങനെയാണ് കണ്ടിട്ടുള്ളത്.

പക്ഷെ ഞങ്ങള്‍ മെസിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. ഞങ്ങളുടെ താരങ്ങള്‍ക്ക് നല്ലത് സംഭവിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. തന്റെ 14ാമത്തെ വയസിലാണ് മെസി ബാഴ്‌സയിലെത്തിയത്. തുടര്‍ന്ന് 20 വര്‍ഷം അവനിവിടെ ചെലവഴിച്ചു. മയാമിയില്‍ അവന്‍ വളരെ സന്തോഷവാനാണെന്നാണ് ഞാന്‍ കരുതുന്നത്,’ ലപോര്‍ട്ട പറഞ്ഞു.

ലീഗ്‌സ് കപ്പില്‍ ഇന്റര്‍ മയാമിയുടെ രണ്ടാം മത്സരത്തില്‍ അറ്റ്‌ലാന്റ യുണൈറ്റഡിനെ തകര്‍ത്തെറിഞ്ഞ് മെസിപ്പട വിജയിച്ചിരുന്നു. ഇന്റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് മയാമിയുടെ വിജയം.

മെസിയുടെ ഇരട്ട ഗോളിലാണ് മയാമി ലീഗ്‌സ് കപ്പിലെ തങ്ങളുടെ രണ്ടാം വിജയവും കൈപ്പിടിയിലൊതുക്കിയത്. ഇതോടെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്തെത്താനും മയാമിക്ക് സാധിച്ചു.മത്സരത്തിന്റെ എട്ടാം മിനിട്ടില്‍ തന്നെ മയാമി ലീഡ് നേടിയിരുന്നു. അറ്റ്‌ലാന്റയുടെ ഗോള്‍മുഖത്തെ വിറപ്പിച്ച ഷോട്ടുമായി മെസിയാണ് മയാമിയെ മുമ്പിലെത്തിച്ചത്. ഇന്റര്‍ മയാമിയിലെ അരങ്ങേറ്റ മത്സരത്തിലും ഗോള്‍ നേടിയ മെസി ടീമിനെ ജയത്തിലേക്ക് നയിച്ചിരുന്നു. തുടര്‍ച്ചയായ 15 പരാജയങ്ങള്‍ക്കൊടുവിലാണ് ഇന്റര്‍ മയാമി രണ്ട് മത്സരങ്ങളില്‍ വിജയിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button