മുംബൈ:വാഹനാപകടത്തെ തുടര്‍ന്ന് ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി (54) മരിച്ച സംഭവത്തില്‍ അന്വേഷണവുമായി സഹകരിക്കുന്നുവെന്ന് ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ്. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയില്‍ വച്ചായിരുന്നു മിസ്ത്രി സഞ്ചരിച്ചിരുന്ന മെഴ്‌സിഡീസ് ജിഎല്‍സി ഞായറാഴ്ച വൈകിട്ട് അപകടത്തില്‍ പെട്ടത്. മിസ്ത്രിയുടെ സുഹൃത്ത് ജഹാംഗിര്‍ പണ്ഡോളെയ്ക്കും ജീവന്‍ നഷ്ടമായിരുന്നു. മെഴ്‌സിഡീസ് ബെന്‍സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് അപകടവുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കുന്നുവെന്ന് അറിയിച്ചിരിക്കുന്നത്.
മിസ്ത്രിക്കും ജഹാംഗീറിനും പുറമേ കാറിലുണ്ടായിരുന്ന അനാഹിത പണ്ഡോളെയും ഭര്‍ത്താവ് ഡാരിയസ് പണ്ഡോളെയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അനാഹിത ഓടിച്ചിരുന്ന വാഹനം അമിതവേഗത്തില്‍ ഡിവൈഡറില്‍ ഇടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. പിൻസീറ്റിലായിരുന്ന സൈറസ് മിസ്ത്രിയും ജഹാംഗീര്‍ പണ്ഡോളെയും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
‘‘ഉത്തരവാദിത്വമുള്ള കാര്‍ നിര്‍മാണ കമ്പനിയെന്ന നിലയില്‍ ഞങ്ങള്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ നേരിട്ട് പോയി വിവരങ്ങള്‍ കൈമാറും’’ എന്ന് കമ്പനി പ്രസ്താവനയിൽ പറയുന്നു. വാഹനങ്ങളിലെ സുരക്ഷയ്ക്കൊപ്പം റോഡ് സുരക്ഷയുടെ പ്രാധാന്യവും ഉപഭോക്താക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും ആധുനിക സുരക്ഷാ ഫീച്ചറുകളെയും സാങ്കേതികവിദ്യകളെയും ഉപഭോക്താക്കള്‍ പരിചയപ്പെടുന്നുവെന്ന് ഉറപ്പിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
‘‘സൈറസ് മിസ്ത്രിയുടേയും ജഹാംഗീര്‍ പണ്ഡോളെയുടേയും അപ്രതീക്ഷിത വിയോഗത്തില്‍ ഞങ്ങള്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അതേസമയം അനാഹിത പണ്ഡോളെയും ഡാരിയസ് പണ്ഡോളെയും സുഖം പ്രാപിച്ചുവരുന്നുവെന്ന വിവരം ആശ്വാസകരമാണ്. വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.’’ കുറിപ്പില്‍ പറയുന്നു.
അപകടത്തിൽപെട്ട കാറിൽനിന്നുള്ള വിവരങ്ങള്‍ കമ്പനിയുടെ വിദഗ്ധ സംഘം ശേഖരിച്ചിരുന്നു. ഇവ അന്വേഷണ സംഘത്തിന് കൈമാറും. കാറിലെ ടയര്‍ പ്രഷറും ബ്രേക്ക് ഫ്‌ളൂയിഡ് നിലയും അടക്കമുള്ള വിവരങ്ങള്‍ അപകടകാരണം കണ്ടെത്താന്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ഏഴ് എയര്‍ബാഗുകളുള്ള, സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നല്‍കുന്ന മെഴ്‌സിഡീസ് വാഹനമാണ് ജിഎല്‍സി 220 ഡി 4മാറ്റിക്. ഏറ്റവും പുതിയ മോഡലിന് 68 ലക്ഷം രൂപയോളം വില വരും.