ലുധിയാന : പഞ്ചാബിൽ മെഹന്ദി ആര്‍ട്ടിസ്റ്റിനെ കൂട്ട ബലാത്സംഗം ചെയ്‌തു. ലുധിയാനയിലാണ് സംഭവം നടന്നത്. നവവധുവിന് മൈലാഞ്ചി ഇടാനെന്ന എന്ന പേരില്‍ 21കാരിയായ മെഹന്ദി ആര്‍ട്ടിസ്റ്റിനെ വിളിച്ചു വരുത്തി അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.ജസ്‌കരണ്‍ സിംഗ് മന്നി, സുഖ്വിന്ദര്‍ സിംഗ്, വരീന്ദര്‍ സിംഗ് വിക്കി, ഖുഷ്പ്രീത് സിംഗ്, തജ്രിന്ദര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്.
ജസ്‌കരണ്‍ സിംഗിന്റെ സുഹൃത്താണ് മെഹന്ദി ആര്‍ട്ടിസ്റ്റായ യുവതി.കഴിഞ്ഞ വെള്ളിയാഴ്ച യുവതിയെ വിളിച്ച ഇയാള്‍, തന്റെ ബന്ധുവിന്റെ വിവാഹമാണെന്നും മെഹന്ദി ഇടാന്‍ വരണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇത് വിശ്വസിച്ച യുവതി ജോലി ഏല്‍ക്കുകയും ചെയ്തു. സംഭവ ദിവസം യുവതിയെ ഭര്‍ത്താവ് ഫിറോസ്പുരിലെ ഒരു ഷോപ്പിംഗ് മാളിന് സമീപം കൊണ്ട് വിടുകയായിരുന്നു. ഇവിടെ നിന്നാണ് പ്രതികള്‍ യുവതിയുമായി സംഭവ സ്ഥലത്തേക്ക് പോയത്.
പ്രതികളായ സുഖ്‌വിന്ദറും വരീന്ദറുമാണ് യുവതിയെ കൂട്ടാനെത്തിയത്. ഫോണില്‍ സംസാരിച്ച ജസ്‌കരണ്‍ ഇവര്‍ക്കൊപ്പം ഗ്രാമത്തിലേക്ക് വരാനാണ് യുവതിയോട് ആവശ്യപ്പെട്ടത്. തുടർന്ന് വീട്ടിലെത്തിയ യുവതിയെ സംഘം കൂട്ടബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇതിന് ശേഷം ഫിറോസ്പുരിലെ മറ്റൊരു മാളിന് സമീപത്ത് കൊണ്ട് വിടുകയും ചെയ്തു. തിരിച്ചെത്തിയതിന് പിന്നാലെ പൊലീസിനെ സമീപിച്ച യുവതി പരാതി നല്‍കുകയായിരുന്നു. അന്വേഷണം ആരംഭിച്ച പൊലീസ് ഇതിനോടകം നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയായ ജസ്‌കരണ്‍ ഒളിവിലാണ്. ഇയാള്‍ക്കായ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.