മേഘ്‌ന രാജ് നാലുമാസം ഗര്‍ഭിണി; ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ വിതുമ്പി സിനിമാ ലോകവും ആരാധകരും
നടന്‍ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും ആരാധകരും. ഭര്‍ത്താവിന്റെ മരണത്തില്‍ ആകെ തകര്‍ന്നുപോയത് ഭാര്യയും നടിയുമായ മേഘ്‌ന രാജ് ആണ്. നടി നാല് മാസം ഗര്‍ഭിണിയായിരുന്നു എന്നതാണ് ഇതില്‍ ഏറെ വേദനിപ്പിക്കുന്ന വാര്‍ത്ത. പുതിയ അതിഥിയെ കുടുംബത്തിലേയ്ക്ക് വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ചിരഞ്ജീവി വിടവാങ്ങിയത്.
ബസവന്‍ഗുഡിയിലെ വസതിയില്‍ മൃതദേഹം ഇപ്പോള്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. വലിയ തിരക്കാണ് അവിടെ അനുഭവപ്പെടുന്നത്. അതേസമയം ചിരഞ്ജീവിയുടെ മൃതദേഹത്തിന് സമീപം പൊട്ടികരഞ്ഞിരിക്കുന്ന മേഘ്‌ന രാജിന്റെ ദൃശ്യങ്ങള്‍ കന്നഡ ചാനല്‍ ടി.വി 9 പുറത്തുവിട്ടു. ബസവന്‍ഗുഡിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന സമയത്താണ് മേഘ്‌ന ഹൃദയം പൊട്ടി കരഞ്ഞത്. കന്നഡ താരങ്ങളായ യാഷ്, അര്‍ജുന്‍ എന്നിവരടക്കമുള്ളവര്‍ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയനഗറിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. പ്രശസ്ത കന്നഡ നടന്‍ ശക്തി പ്രസാദിന്റെ കൊച്ചുമകനും തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയുടെ ബന്ധുകൂടിയാണ് മരണപ്പെട്ട ചിരഞ്ജീവി സര്‍ജ. 2009ല്‍ പുറത്തിറങ്ങിയ വായുപുത്രയാണ് സര്‍ജയുടെ ആദ്യ ചിത്രം. ആട്ടഗര എന്ന സിനിമയില്‍ മേഘ്‌നയും ചിരഞ്ജീവിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത്. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ആദ്യമായി മേഘ്‌ന അഭിനയിച്ചു. 2018 മെയ് 2നായിരുന്നു സര്‍ജയുടെയും മേഘ്‌ന രാജിന്റെയും വിവാഹം.