KeralaNews

‘ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണക്കാര്‍ കുടുംബം,ജ്യോതിഷിയെ കണ്ടശേഷം തങ്ങളെ അകറ്റി,വീടെടുത്ത് ഒന്നിച്ച് താമസിച്ചുവരികയായിരുന്നു’മുൻകൂർ ജാമ്യം തേടി സുകാന്ത്

കൊച്ചി :ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ യുവതിയുടെ വീട്ടുകാരെ കുറ്റപ്പെടുത്തി സഹപ്രവർത്തകന്റെ മുൻകൂർ ജാമ്യഹർജി. ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തിന് സഹപ്രവർത്തകനായ സുകാന്ത് സുരേഷാണ് ഉത്തരവാദിയെന്ന് കാട്ടി കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്ന് ഒളിവില്‍ പോയ സുകാന്ത് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഐബി ഉദ്യോഗസ്ഥയായ 23കാരിയുടെ മരണത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സുകാന്ത് ഹർജിയിൽ പറയുന്നു. മറിച്ച് വൈകാരികമായും മാനസികമായും ഏറെ അടുത്തവരായിരുന്നു തങ്ങളെന്നും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും ഹർജിയിൽ പറയുന്നു. യുവതി ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും തന്റെ മാതാപിതാക്കൾ യുവതിയുടെ വീട്ടിലെത്തി വിവാഹ കാര്യങ്ങൾ സംസാരിക്കുകയും ചെയ്തെന്നും ഹർജിയിൽ പറയുന്നു.

എന്നാൽ ജ്യോതിഷിയുടെ അഭിപ്രായം ഇക്കാര്യത്തിൽ തേടാനായിരുന്നു യുവതിയുടെ വീട്ടുകാരുടെ തീരുമാനം. ജ്യോതിഷിയെ കണ്ടതിനു ശേഷം എന്താണ് പറഞ്ഞത് എന്നതുൾപ്പെടെ ഒരു കാര്യവും പറയാൻ യുവതിയുടെ വീട്ടുകാർ തയാറായില്ല. മാത്രമല്ല, താനുമായി ഏതെങ്കിലും വിധത്തിൽ ബന്ധം പുലർത്തുന്നതിനെ രൂക്ഷമായി എതിർത്തു. 

മൊബൈൽ നമ്പർ പോലും ബ്ലോക്ക് ചെയ്ത് തമ്മില്‍ ബന്ധപ്പെടാതിരിക്കാൻ യുവതിയോട് നിർദേശിച്ചു. എന്നാൽ മാതാപിതാക്കളുടെ ഇത്തരം സമീപനത്തിൽ നിരാശയായ യുവതി തനിക്കൊപ്പം നിൽക്കാനാണ് തീരുമാനിച്ചത് എന്നാണ് സുകാന്ത് പറയുന്നത്. ബന്ധം തുടരാൻ തീരുമാനിച്ച് ഇരുവരും ചേർന്ന് നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് വീടെടുത്ത് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയെന്നും ഹർജിയിൽ പറയുന്നു.

പതിവു പോലെ ജോലിക്കു പോയ യുവതി തന്നോട് ജോലിക്കാര്യങ്ങെളെ കുറിച്ച് സാധാരണ സംസാരിക്കാറുള്ളതു പോലെ സംസാരിച്ചെന്നും സുകാന്ത് പറയുന്നു. എന്നാൽ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്ന മാതാപിതാക്കളുടെ സമ്മർദത്താൽ യുവതി വളരെയധികം ബുദ്ധിമുട്ടിയിരുന്നു എന്ന് പിന്നീട് വ്യക്തമായിരുന്നു. യുവതി ഏതെങ്കിലും വിധത്തിൽ ആത്മഹത്യ ചെയ്തതാണെങ്കില്‍ അതിന് പിന്നിൽ തങ്ങളുടെ ബന്ധത്തെ എതിർത്ത മാതാപിതാക്കൾ ഏൽപ്പിച്ച സമ്മർദവും വിഷമവുമാണ് കാരണമെന്നും സുകാന്ത് ഹർജിയിൽ ആരോപിക്കുന്നു. 

യുവതിയുടെ മരണവുമായി താൻ യാതൊരു വിധത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും മറിച്ച് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച് ജീവിത പങ്കാളി നഷ്ടപ്പെട്ട ആളാണ് താനെന്നും സുകാന്ത് പറയുന്നു. തന്നെ ഇപ്പോൾ കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും യുവതിയുടെ വീട്ടുകാർ അതിന് ശ്രമിക്കുന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് സുകാന്തിന്റെ ആവശ്യം. യുവതിയിൽ നിന്ന് ഇയാൾ പലവട്ടമായി പണം വാങ്ങിയെന്നും ശമ്പളം ഉൾപ്പെടെ ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിനു പുറമെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നും ആരോപിച്ചാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker