‘അമ്മ എനിക്ക് വേണ്ടിയും ഞാന്‍ അമ്മയ്ക്ക് വേണ്ടിയുമാണ് ജീവിക്കുന്നത്’; മീരയുടെ കൊലപാതകം അമ്മയ്ക്കുള്ള ചോറുമായി എത്തിയപ്പോള്‍!
തിരുവനന്തപുരം: അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയ പതിനാറുകാരി മീരയ്ക്ക് അമ്മയെ ഒരുപാട് ഇഷ്ടമായിരിന്നു. ”അമ്മ എനിക്കു വേണ്ടിയും ഞാന്‍ അമ്മയ്ക്കു വേണ്ടിയുമാണു ജീവിക്കുന്നത്” എന്നു മീര പറയുമായിരുന്നുവെന്ന് അമ്മുമ്മ വത്സലയുടെ വാക്കുകള്‍. മിക്കവാറും ഞായറാഴ്ചകളില്‍ മഞ്ച പേരുമല ചരുവിളയില്‍ താമസിക്കുന്ന അമ്മൂമ്മ വത്സലയെ കാണാന്‍ മീര എത്തുമായിരിന്നു. ഒഴിവുസമയങ്ങളില്‍ അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാന്‍ വേണ്ടിയായിരുന്നു വരവ്. അമ്മൂമ്മയ്ക്കും അമ്മയുടെ മൂത്ത സഹോദരി സിന്ധുവിനുമൊപ്പം ആഹാരം കഴിക്കും. അമ്മ മഞ്ജുഷയ്ക്കുള്ള പൊതിച്ചോറുമായേ മടങ്ങാറുണ്ടായിരുന്നുള്ളൂ.
ഒരു ഞായറാഴ്ച വത്സലയ്ക്ക് ഒരു കല്യാണത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ പിറ്റേന്നാണു മീര കാണാനെത്തിയത്. പതിവുപോലെ ഒന്നിച്ച് ആഹാരം കഴിച്ചു. വൈകിട്ടു മൂന്നോടെ അമ്മയ്ക്കുള്ള പൊതിച്ചോറുമായി മടങ്ങി. അന്നു രാത്രിയായിരുന്നു കൊലപാതകം. മടക്കമില്ലാത്ത യാത്രയാണെന്ന് അന്നു പൊന്നുമോള്‍ പോകുമ്പോള്‍ കരുതിയിരുന്നില്ലെന്നു വത്സല പറയുന്നു.
അതെ സമയം റിമാന്‍ഡിലായ പ്രതികളെ ഒരാഴ്ച ജുഡിഷ്യല്‍ കസ്റ്റഡിയില്‍ ലഭിക്കാന്‍ ഇന്ന് അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മീരയെ കിണറ്റിലെറിഞ്ഞ ശേഷം പ്രതികള്‍ മുങ്ങിയ തമിഴ്നാട്ടിലും കൊല നടന്ന വീട്ടിലുമെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തും. നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവര്‍ട്ട് കീലര്‍, സി.ഐ രാജേഷ്‌കുമാര്‍, എസ്.ഐ സുനില്‍ ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.