ഐറ്റം ഡാൻസ് ചെയ്യണം, ഈ രംഗത്തെ മുൻധാരണകൾ തിരുത്തിക്കുറിക്കണം -മീനാക്ഷി ശേഷാദ്രി
ഹിന്ദി ചലച്ചിത്രമേഖലയിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളായിരുന്നു മീനാക്ഷി ശേഷാദ്രി. 80കളിലും 90കളിലും പുറത്തിറങ്ങിയ ജനപ്രിയ സിനിമകളുടെ ഭാഗമായിരുന്നു അവർ. ബോളിവുഡിൽ മാത്രം ഒതുങ്ങിയിരുന്നില്ല അവരുടെ അഭിനയ ജീവിതം. ഡ്യൂയറ്റ് ഉൾപ്പെടെ നിരവധി തെന്നിന്ത്യൻ സിനിമകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിൽ ഒരു ഐറ്റം ഡാൻസ് നമ്പർ ചെയ്യാനുള്ള താത്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് അവർ.
ലെഹറൻ റെട്രോക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്ക് ഐറ്റം ഡാൻസ് നമ്പർ ചെയ്യാൻ താത്പര്യമുണ്ടെന്ന് മീനാക്ഷി ശേഷാദ്രി തുറന്നുപറഞ്ഞത്. ഇങ്ങനെയൊരു നൃത്തരംഗം ചെയ്യാൻ അതിയായ ആഗ്രഹമുണ്ടെന്നും എന്നാൽ അതിനുപറ്റിയ ഗാനങ്ങൾ വരുന്നില്ലെന്നും അവർ പറഞ്ഞു. പുഷ്പ 3-യിൽ അതിനുള്ള അവസരമുണ്ടാകട്ടെ എന്ന് ഇതിനുള്ള മറുപടിയായി അവതാരകൻ പറഞ്ഞു.
“ഞാൻ സത്യംചെയ്യുന്നു. അങ്ങനെ സംഭവിച്ചാൽ എല്ലാവരും അതുകണ്ട് കയ്യടിക്കും. ഇതാണ് ഐറ്റം സോംഗ് എന്നുപറഞ്ഞ് അഭിനന്ദിക്കും.“ അവതാരകന്റെ വാക്കുകളോട് മീനാക്ഷിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
1995 ലാണ് മീനാക്ഷി ശേഷാദ്രി വിവാഹിതയാകുന്നത്. പിന്നീട് ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് താമസം മാറി. കുറേക്കാലം ഭരതനാട്യം, കഥക് അധ്യാപികയായി സേവനം അനുഷ്ടിച്ചു. അമേരിക്കയില്‍ നടിയ്ക്ക് ഒരുപാട് വിദ്യാര്‍ഥികളുണ്ട്. ഇപ്പോള്‍ 60-ാം വയസ്സില്‍ അഭിനയത്തിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് മീനാക്ഷി ശേഷാദ്രി. അതിനിടെ ഏതാനും അവസരങ്ങള്‍ തേടിയെത്തിയെങ്കിലും നല്ല പ്രൊജക്ടിനായി കാത്തിരിക്കുകയാണ് താരം.