ഏറ്റുമുട്ടലിനുള്ള ശേഷി ഒന്നും അവര്‍ക്ക് ഉണ്ടായിരുന്നില്ല; മാവോയിസ്റ്റ് കൊലയില്‍ വെളിപ്പെടുത്തലുമായി മധ്യസ്ഥ ശിവാനി
പാലക്കാട്: മാവോയിസ്റ്റ് കൊലപാതകത്തില്‍ പ്രതികരണവുമായി ആദിവാസി പ്രവര്‍ത്തകയും മധ്യസ്ഥയുമായ ശിവാനി. മഞ്ചിക്കണ്ടി വനമേഖലയില്‍ ഉണ്ടായിരുന്ന മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ആദിവാസി പ്രവര്‍ത്തകര്‍ മുഖേന പോലീസിനെ അറിയിച്ചിരുന്നെന്നും എന്നാല്‍ കീഴടങ്ങല്‍ ധാരണ തെറ്റിച്ചത് പോലീസാണെന്നും ശിവാനി പറഞ്ഞു. മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെങ്കില്‍ പൊലീസിനും പരിക്കേല്‍ക്കേണ്ടതല്ലേയെയും ശിവാനി ഏഷ്യാനെറ്റ് ന്യൂസിനോട് ചോദിച്ചു
മുന്‍ എ.എസ്.പി നവനീത്, മാവോയിസ്റ്റുകളുമായി അടുത്ത് ഇടപഴകുന്ന ആദിവാസി വിഭാഗത്തില്‍പ്പെടുന്ന ആളുമായി ചര്‍ച്ച നടത്തിയിരുന്നു. അവരെ എങ്ങനെയെങ്കിലും സറണ്ടര്‍ ചെയ്യിക്കാനും പുനരധിവസിപ്പിക്കാനുമായിട്ടുള്ള സംവിധാനം ഒരുക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. പലരുമായും കൂടിക്കാഴ്ച നടത്തി. എന്നാല്‍ അത് ധാരണയിലെത്തുന്നതിന് മുന്‍പ് സാറിന് സ്ഥലംമാറ്റം ലഭിച്ചു. അതിന് പിന്നാലെയാണ് ഈ നടപടിയെന്ന് ശിവാനി പറഞ്ഞു.
ഏറ്റുമുട്ടലിനൊന്നും അവര്‍ക്ക് കഴിയില്ലായിരുന്നു. കൊല്ലപ്പെട്ട മണിവാസവം തീരെ സുഖമില്ലാത്ത അവസ്ഥയിലായിരുന്നു. നേരത്തെ തന്നെ മണിവാസവം സറണ്ടര്‍ ആവാന്‍ തങ്ങള്‍ തയ്യാറാണെന്ന നിലപാട് എടുത്തിരുന്നു. മാത്രമല്ല പൊലീസും അവരോട് പറഞ്ഞത് സറണ്ടര്‍ ആവുകയാണെങ്കില്‍ പുനരധിവാസം ഏര്‍പ്പെടുത്താമെന്നായിരുന്നു. തങ്ങള്‍ എവിടെ പോയാലും ചൂഷണം ചെയ്യപ്പെടാന്‍ പാടില്ലെന്നും സ്വന്തം നാട്ടിലും സമൂഹത്തിലും നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ വന്നതുകൊണ്ടാണ് കാട്ടില്‍ താമസിക്കുന്നത് എന്നുമായിരുന്നു അവര്‍ പറഞ്ഞത്.
ഇവര്‍ ഊരിലുള്ളവരെ സമീപിക്കാന്‍ വരുമ്പോള്‍ തോക്കുമായി വന്ന് ഭീഷണിപ്പെടുത്തുകയോ അവിടുത്തെ ആദിവാസികളെ ചൂഷണം ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല. അവരെ വെടിവെച്ചുകൊന്ന നടപടി ഒരു തരത്തിലും അംഗീകരിക്കാന്‍ ആവില്ല. അവര്‍ അറ്റാക്ക് ചെയ്യുന്ന ആള്‍ക്കാരല്ല. അറ്റാക്ക് ചെയ്തിട്ടുമില്ല. പോലീസുമായി നേരിട്ട് സംസാരിക്കാന്‍ അവര്‍ സന്നദ്ധരായിരുന്നു. അതിനുള്ള സൗകര്യം പൊലീസ് ഒരുക്കിയിയില്ല. അതാണ് ഏറ്റവും വലിയ വീഴ്ച.- ശിവാനി പറഞ്ഞു.