ലോകകപ്പ് നേടിയ ലയണൽ മെസിക്ക് പിഎസ്‌ജി നൽകിയ സ്വീകരണത്തിൽ പങ്കെടുക്കാതെ എംബാപ്പെ,കാരണമെന്താണ്?
പാരീസ്:ഖത്തർ ലോകകപ്പ് കിരീടം നേടിയതിനു ശേഷം അർജന്റീനയിലേക്ക് മടങ്ങിയ ലയണൽ മെസി ആഘോഷങ്ങളെല്ലാം അവസാനിപ്പിച്ച് കഴിഞ്ഞ ദിവസമാണ് പിഎസ്‌ജിയിലേക്ക് മടങ്ങി വന്നത്. ലോകകപ്പ് നേടി ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെന്ന നേട്ടം സ്വന്തമാക്കിയ ലയണൽ മെസിക്ക് കൂടുതൽ ദിവസങ്ങൾ ആഘോഷത്തിനായി പിഎസ്‌ജി നൽകിയിരുന്നു. തിരിച്ചുവരവ് വൈകിയതിനാൽ ലയണൽ മെസിക്ക് പിഎസ്‌ജിക്കൊപ്പമുള്ള രണ്ടു മത്സരങ്ങൾ നഷ്‌ടമാവുകയും ചെയ്‌തു. ഇതിൽ ഒരെണ്ണത്തിൽ പിഎസ്‌ജി വിജയം നേടിയപ്പോൾ ഒരെണ്ണത്തിൽ തോൽവി വഴങ്ങുകയാണുണ്ടായത്.
കഴിഞ്ഞ ദിവസം ഫ്രഞ്ച് ക്ലബ്ബിലേക്ക് തിരിച്ചു വന്ന ലയണൽ മെസിക്ക് ക്ലബ് ചെറിയൊരു സ്വീകരണം നൽകുകയുണ്ടായി. ട്രെയിനിങ് ഗ്രൗണ്ടിൽ വെച്ച് സഹതാരങ്ങൾ അണിനിരന്ന് ഗാർഡ് ഓഫ് ഓണർ നൽകിയതിനു പുറമെ താരത്തിന് പിഎസ്‌ജി സ്പോർട്ടിങ് ഡയറക്റ്റർ ഒകാമ്പോസ് ചെറിയൊരു മോമെന്റോയും നൽകി. നെയ്‌മർ, വെറാറ്റി തുടങ്ങി പിഎസ്‌ജിയുടെ ട്രെയിനിങ് മൈതാനത്തുണ്ടായിരുന്ന താരങ്ങളെല്ലാം ലോകകപ്പ് കിരീടവും ഗോൾഡൻ പോലും സ്വന്തമാക്കിയ ലയണൽ മെസിക്കുള്ള സ്വീകരണത്തിൽ പങ്കെടുത്തിരുന്നു.
അതേസമയം ലോകകപ്പിലെ മറ്റൊരു ഹീറോയും ക്ലബിൽ മെസിയുടെ സഹതാരവുമായി കിലിയൻ എംബാപ്പെ ഈ സ്വീകരണത്തിന് ഉണ്ടായിരുന്നില്ല. ലോകകപ്പ് ഫൈനൽ കഴിഞ്ഞതിന്റെ രണ്ടാം ദിവസം തന്നെ ക്ലബിൽ തിരിച്ചെത്തിയ താരം അതിനു ശേഷം നടന്ന രണ്ടു മത്സരങ്ങളും കളിച്ചിരുന്നു. ഇതു പരിഗണിച്ച് താരത്തിന് അവധിദിവസങ്ങൾ ക്ലബ് അനുവദിച്ചതിനെ തുടർന്നാണ് എംബാപ്പെ മെസിക്കു വേണ്ടി ക്ലബ് നൽകിയ സ്വീകരണത്തിൽ പങ്കെടുക്കാതിരുന്നത്.
എംബാപ്പെ ഹാട്രിക്ക് നേടിയെങ്കിലും ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ തോൽക്കാനായിരുന്നു ഫ്രാൻസിന്റെ വിധി. എന്നാൽ ലോകകപ്പ് വിജയത്തിൽ മെസിയെ അഭിനന്ദിക്കാൻ എംബാപ്പെ മറന്നില്ല. താരം പിഎസ്‌ജിയിലേക്ക് തിരിച്ചു വരാൻ വേണ്ടി കാത്തിരിക്കുകയാണെന്നും മെസിക്കൊപ്പം ഗോളുകളും വിജയങ്ങളും കിരീടങ്ങളും നേടണമെന്നും എംബാപ്പെ പറഞ്ഞിരുന്നു.
ലയണൽ മെസി, കിലിയൻ എംബാപ്പെ, നെയ്‌മർ ജോഡികൾ കളിക്കളത്തിൽ വീണ്ടും ഒരുമിക്കുമ്പോൾ ആരാധകർ ആവേശത്തിലാണ്. ലോകകപ്പ് ആരംഭിക്കുന്നതു വരെ തകർപ്പൻ പ്രകടനമാണ് ഈ താരങ്ങൾ നടത്തിയിരുന്നത്. ലയണൽ മെസിയെ സംബന്ധിച്ച് ഇനി ചാമ്പ്യൻസ് ലീഗായിരിക്കും ലക്ഷ്യം. അതും നേടാൻ കഴിഞ്ഞാൽ ഈ സീസണായിരിക്കും താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സീസൺ.