InternationalNews

‘കഞ്ചാവ് വളർത്താം, കൈവശം വയ്ക്കാം’; നിയമവിധേയമാക്കാൻ ജർമനി, കരട് നിയമത്തിന് അംഗീകാരം

ബർലിൻ: വിനോദാവശ്യത്തിന് ചെറിയ അളവില്‍ കഞ്ചാവ് വളർത്തുന്നതിനും കൈവശം വയ്ക്കുന്നതും നിയമവിധേയമാക്കുന്നതിനുള്ള കരട് നിയമത്തിന് ജര്‍മൻ സർക്കാർ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. പ്രതിപക്ഷത്തിന്റെ എതിർപ്പിനെയും ജഡ്ജിമാരുടെ വിമര്‍ശനത്തെയും മറികടന്നാണ് സർക്കാർ കരട് നിയമത്തിന് അംഗീകാരം നൽകിയത്. മുതിർന്നവർക്ക് 25 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കാനോ പരമാവധി മൂന്ന് ചെടികൾ വളർത്താനോ കള വാങ്ങാനോ അനുവദിക്കുന്നതാണ് പുതിയ ബിൽ.

‘കഞ്ചാവ് ക്ലബ്ബുകൾ’ എന്നറിയപ്പെടുന്ന ഗ്രൂപ്പുകളിൽ ലാഭേച്ഛയില്ലാതെ കഞ്ചാവ് വളർത്താനും അവരുടെ അംഗങ്ങൾക്ക് വിൽക്കാനും അനുമതി നൽകുന്നുണ്ട്. ഈ ഗ്രൂപ്പുകളിൽ 500 അംഗങ്ങൾ വരെയുണ്ടാകാം. എന്നാൽ ഈ അംഗങ്ങൾക്ക് പ്രതിദിനം 25 ഗ്രാമിൽ കൂടുതലും പ്രതിമാസം പരമാവധി 50 ഗ്രാമിൽ കൂടുതലും വിതരണം ചെയ്യാൻ അനുമതിയില്ല. എന്നാൽ പ്രായപൂർത്തിയാകാത്തവർക്ക് കർശനമായ നിരോധനം തുടരുമെന്നും ആരോഗ്യമന്ത്രി കാള്‍ ലൗട്ടര്‍ബാഹ് പറഞ്ഞു.

കഞ്ചാവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കുറയ്ക്കുക, കരിഞ്ചന്ത തടയുക, ഉപയോക്താക്കളുടെ എണ്ണം കുറയ്ക്കുക എന്നതൊക്കെയാണ് ഈ നിയമത്തിലൂടെ ലക്ഷ്യമെന്ന് ലൗട്ടര്‍ബാഹ് പറഞ്ഞു. ‘ഇതുവരെയുള്ള കഞ്ചാവ് നിയമവിധേയമാക്കാനുള്ള ഏറ്റവും മികച്ച ശ്രമം’ എന്നാണ് ലൗട്ടര്‍ബാഹ് കരട് നിയമത്തെ വിശേഷിപ്പിച്ചത്. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ ത്രികക്ഷി സഖ്യത്തിന്റെ പ്രധാന പദ്ധതിയാണ് പുതിയ കരട് നിയമം.

എന്നാൽ ബില്ലിൽ പ്രതിപക്ഷത്തിന്റെ എതിർപ്പ് രൂക്ഷമാണ്. ഇത് കഞ്ചാവ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുമെന്നും പുതിയ നിയമനിർമ്മാണം അധികാരികൾക്ക് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു. നിയമം പ്രാബല്യത്തിൽ വന്നാൽ ഇതിനെതിരെ ആളുകൾ കോടതിയെ സമീപിക്കുമെന്നാണ് ജർമന്‍ ജഡ്ജിമാരുടെ അസോസിയേഷന്‍ വിമർശിക്കുന്നത്.

യൂറോപ്പിലെ പല രാജ്യങ്ങളും പരിമിതമായ ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് നിയമവിധേയമാക്കിയിട്ടുണ്ട്. 2021ല്‍ വിനോദത്തിനായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുന്ന ആദ്യത്തെ യൂറോപ്യന്‍ യൂണിയന്‍ രാജ്യമായി മാള്‍ട്ട മാറിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button