ഹൈദരാബാദ്: സെക്കന്തരാബാദിലെ ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം. സ്ത്രീകൾ ഉൾപ്പടെ ആറ് പേര്‍ മരിച്ചു. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് സ്വപ്നലോക് കോംപ്ലക്സിൽ തീ പിടിച്ചത്. കെട്ടിടത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. തെലങ്കാനയിലെ വാറങ്കല്‍, ഖമ്മം സ്വദേശികളാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
ശിവ, പ്രശാന്ത്, പ്രമീള, ശ്രാവണി, ത്രിവേണി, വെന്നല എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ നാല് പേരും 22 വയസിന് താഴെയുള്ളവരാണ്. കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ പൊള്ളലേറ്റതിൻ്റെ പാടുകൾ ഉണ്ടെങ്കിലും ശ്വാസ തടമാണ് മരണകാരണമെന്നാണ് വിലയിരുത്തൽ. കാർബൺ ഡൈ ഓക്സൈഡും മറ്റു വിഷ പുകയും ശ്വസിച്ചതാണ് മരണകാരണമായതെന്ന് ഗാന്ധി ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു.
13 ലധികം ജീവനക്കാരാണ് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത്. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. നാല് ഫയര്‍ എഞ്ചിനും 10 അഗ്നിശമന വാഹനങ്ങളുമായാണ് അഗ്നിശമന സേന സംഭവ സ്ഥലത്തെത്തിയത്. നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ അണക്കാന്‍ സാധിച്ചത്. തീ അണഞ്ഞുവെങ്കിലും കെട്ടിടത്തില്‍ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ടെന്ന് അഗ്നിശമന സേന ഓഫീസർ അറിയിച്ചു. 200 ലധികം ഓഫീസുകൾ പ്രവർത്തിക്കുന്ന വാണിജ്യ സമുച്ചയമാണ് തീപിടിത്തത്തിൽ കത്തി നശിച്ചത്.
തീ പിടിത്തം ഉണ്ടായ കെട്ടിടത്തിലെ ജീവനക്കാരാണ് അപകടത്തില്‍ കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. കോംപ്ലക്സിന്റെ സ്ഥിരത അഗ്നിശമന സേനയും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) അധികൃതരും പരിശോധിച്ചുവരികയാണ്. ഹൈദരാബാദ് മേയർ ഗദ്‌വാൾ വിജയലക്ഷ്മിയും മൃഗസംരക്ഷണ മന്ത്രി തലസാനി ശ്രീനിവാസ് യാദവും അപകടസ്ഥലം സന്ദർശിച്ചു.