26.9 C
Kottayam
Monday, May 6, 2024

കുര്‍ബാന ഏകീകരണം,പ്രതിഷേധം കനക്കുന്നു, 400 ഓളം വൈദികര്‍ പരസ്യ പ്രതിഷേധത്തിലേക്ക്

Must read

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രതിഷേധം ശക്തമാകുന്നു. കുർബാന ഏകീകരണത്തില്‍ 400 ഓളം വൈദികർ പ്രതിഷേധാവുമായി ബിഷപ് ആന്റണി കരിയിലിനെ കാണും. വൈകിട്ട് മൂന്ന് മണിക്കാണ് പ്രതിഷേധം. കുർബാന ഏകീകരണം സംബന്ധിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം ഞായറാഴ്ച പള്ളികളിൽ വായിക്കും. അൾത്താരയിൽ ഐക്യം ഇല്ലാതെ സഭയിൽ ഐക്യം ഉണ്ടാകില്ലെന്നാണ് ഇടയലേഖനം പറയുന്നത്. ആരാധനക്രമം ഏകീകരിക്കാനുള്ള മാർപാപ്പയുടെ നിർദേശം നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും വ്യത്യസ്തമായ തീരുമാനമെടുക്കാൻ അതിരൂപതാ മെത്രാൻമാര്‍ക്ക് അധികാരം ഇല്ലെന്നും ഇടയലേഖനം പറയുന്നു.

സഭയിൽ ഏതെങ്കിലും ഒരു ആശയത്തിന്റെ വിജയമോ പരാജയമോ ആയി കുർബാന ഏകീകരണത്തെ കാണരുതെന്നും ഇടയലേഖനം വ്യക്തമാക്കുന്നുണ്ട്. എന്നാൽ സിനഡ് തീരുമാനം അംഗീകരിക്കില്ലെന്ന് ഉറച്ച നിലപാടിലാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും. നവംബർ 28 മുതൽ പുതിയ ആരാധനാക്രമം നടപ്പില്‍വരുമെന്നാണ് സിനഡ് വ്യക്തമാക്കുന്നത്. കാൽ നൂറ്റാണ്ട് മുൻപ് സിനഡ് ചർച്ച ചെയ്ത് വത്തിക്കാന് സമർപ്പിച്ച ശുപാർശയായിരുന്നു സിറോ മലബാർ സഭയിലെ ആരാധനാക്രമം ഏകീകരിക്കല്‍. എന്നാൽ പലവിധത്തിലുള്ള എതിർപ്പുകളിൽ തട്ടി തീരുമാനം വൈകുകയായിരുന്നു. ഈ വർഷകാല സമ്മേളനത്തിൽ പ്രാർത്ഥന ഏകീകരണം തീരുമാനിക്കാൻ മാർപ്പാപ്പ നിർദ്ദേശം നൽകുകയായിരുന്നു.

നിലവിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാനയാണ്, ചങ്ങനാശ്ശേരി പാല അതിരൂപതകളിൽ അൾത്താരയ്ക്ക് അഭിമുഖമായും കുർബാന നടക്കുന്നു. ഈ രീതികൾ ഏകോപിപ്പിക്കുകയാണ് ആരാധനാക്രമം ഏകീകരിക്കുന്നതിലൂടെ ചെയ്യുന്നത്. ഇനി മുതൽ കുർബാനയുടെ ആദ്യഭാഗം ജനാഭിമുഖമാകും, പ്രധാനഭാഗം പൂർണ്ണമായി അൾത്താരയ്ക്ക് അഭിമുഖമായി നടക്കും. പ്രാർത്ഥനയുടെ ദൈർഘ്യം കുറയുകയും ടെക്സ്റ്റുകൾ ഒന്നാവുകയും ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week