ആലപ്പുഴ: വിഭാഗീയത രൂക്ഷമായിത്തുടരുന്ന കുട്ടനാട്ടില്‍ സി.പി.എമ്മില്‍നിന്ന് വീണ്ടും കൂട്ടരാജി. പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളും രാജിക്കത്ത് നല്‍കി. ഒരു മാസത്തിനിടെ 250 പേരാണ് കുട്ടനാട്ടില്‍ പാര്‍ട്ടി വിട്ടത്.
ഏരിയ നേതൃത്വവുമായുള്ള ഭിന്നതയാണ് പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളുടെയും കൂട്ടരാജിയിലേക്ക് നയിച്ചത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെയുള്ളവരാണ് രാജിക്കത്ത് നല്‍കിയത്. കാവാലം ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് 60 പേര്‍ നേരത്തേ രാജിക്കത്ത് നല്‍കിയിരുന്നു. വെളിയനാട്ടില്‍ ഡി.വൈ.എഫ്.ഐ. മുന്‍ സംസ്ഥാന സമിതിയംഗം ഉള്‍പ്പെടെ മുപ്പതിലേറെപ്പേരും രാജിക്കത്ത് നല്‍കി.
കുട്ടനാട്ടിലെ പാര്‍ട്ടി നേതൃത്വത്തിനിടയില്‍ വലിയ തോതിലുള്ള വിഭാഗീയത കഴിഞ്ഞ കുറെ മാസങ്ങളായി തുടരുകയാണ്. കഴിഞ്ഞ സമ്മേളനത്തോടെയാണ് ഇതിന് തുടക്കമിട്ടത്. തുടര്‍ന്ന് ഓരോ ഘട്ടത്തിലും അത് വഷളായിക്കൊണ്ടിരുന്നു. വിഷയാധിഷ്ഠിതമായി ഓരോ പ്രശ്‌നങ്ങളിലും രണ്ടു വിഭാഗമായി നിന്ന് പോരിടുകയാണ് അംഗങ്ങള്‍. ഇതിനു പിന്നാലെ നേതൃത്വം കര്‍ശനമായ നിലപാടിലേക്ക് നീങ്ങി. ഇത് ഒരു വിഭാഗത്തെ പ്രകോപിപ്പിക്കുകയായിരുന്നു.
അതേസമയം പാര്‍ട്ടി നേതൃത്വത്തില്‍നിന്നുള്ള കൂട്ടരാജി സംസ്ഥാന-ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിഷയത്തില്‍ അടിയന്തരമായി ഇടപെടാന്‍ ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ വ്യാഴാഴ്ച അടിയന്തര ഏരിയാ കമ്മിറ്റി യോഗം ചേരുന്നുണ്ട്. യോഗത്തില്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്നാണ് രാജി നല്‍കിയവര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതീക്ഷ.