ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് വിമാനത്താവളങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം. വിമാനങ്ങളിലും വിമാനത്താവളങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി.
മാസ്‌ക് ധരിക്കാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഇടവേളയ്‌ക്ക് ശേഷം രാജ്യത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഡിജിസിഐ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയത്. വിമാനത്താവളങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നതിന്റെ ചുമതല സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ക്കായിരിക്കും.
കൊറോണ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പുതിയ ഡിജിസിഎ മാര്‍ഗനിര്‍ദേശങ്ങള്‍ വന്നത്.
മാസ്‌ക് ധരിക്കാതിരിക്കുകയോ കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്താല്‍ യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്താക്കുമെന്ന് ഡിജിസിഎ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്കു ശേഷവും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം തുടരുകയാണെങ്കില്‍ അവരെ ‘നിയന്ത്രിക്കാനാവാത്ത യാത്രക്കാരന്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.
പ്രത്യേക സാഹചര്യങ്ങളിലൊഴികെ മാസ്‌ക് മൂക്കിന് താഴെ ധരിക്കാന്‍ അനുവദിക്കില്ല.മാസ്‌ക് ധരിക്കാതെ ആരും വിമാനത്താവളത്തില്‍ പ്രവേശിക്കുന്നില്ലെന്ന് സിഐഎസ്‌എഫും സുരക്ഷാജീവനക്കാരും ഉറപ്പാക്കണം. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്യുന്നവരെ വിമാനത്താവള ജീവനക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. താക്കീത് ചെയ്തശേഷവും വീഴ്‌ച്ചവരുത്തുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും.